
ശബരിമലയിൽ എല്ലാ തീർഥാടകർക്കും ദർശനത്തിന് അവസരമൊരുക്കും: മന്ത്രി വാസവൻ
- 95 ശതമാനം ഒരുക്കവും പൂർത്തിയായി. വെർച്വൽ ക്യൂ ബുക്കിങ് ആരംഭിച്ചു
പത്തനംതിട്ട: ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട അവസാനവട്ട ഒരുക്കങ്ങൾ നവംബർ പത്തിനകം പൂർത്തിയാക്കുമെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. 95 ശതമാനം ഒരുക്കവും പൂർത്തിയായി. വെർച്വൽ ക്യൂ ബുക്കിങ് ആരംഭിച്ചു. എല്ലാ തീർഥാടകർക്കും ദർശനത്തിന് അവസരമൊരുക്കും. സ്പോട്ട് ബുക്കിങ് ഉണ്ടാകില്ല. പകരം എന്തു സംവിധാനം എന്നതിനെ കുറിച്ച് പൊലീസും ദേവസ്വം വകുപ്പും ആലോചിച്ച് തീരുമാനിക്കും. പത്തനംതിട്ട പ്രസ് ക്ലബ്ബിൻ്റെ മീറ്റ് ദി പ്രസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
പൊതുമരാമത്തിൻ്റെ എല്ലാ റോഡുകളും സഞ്ചാരയോഗ്യമാക്കി. അവശേഷിക്കുന്ന ചെറിയ ജോലികൾ ഉടൻ തീർക്കും. കെഎസ് ആർടിസി നിലയ്ക്കൽ– പമ്പ ചെയിൻ സർവീസ് തുടരും. ദീർഘദൂര ബസുകൾ പമ്പ വരെ സർവീസ് നടത്തും. പാർക്കിങ്ങിന് എരുമേലിയിൽ ആറര ഏക്കറിൽ അതിവിശാലമായ സൗകര്യം ഏർപ്പെടുത്തും. നിലയ്ക്കലിൽ 10,500 വാഹനങ്ങൾപാർക്ക് ചെയ്യാൻ സംവിധാനമുണ്ടാകും. ചെറിയ വാഹനങ്ങൾക്ക് പമ്പ വരെ പോകാൻ അനുമതി ലഭ്യമാക്കണമെന്ന് ഹൈക്കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.