
പച്ചത്തേങ്ങയ്ക്ക് വില കൂടി ; വെളിച്ചെണ്ണ വിലയിൽ കുതിപ്പ്
- ആഭ്യന്തര വിപണിയിൽ പച്ചത്തേങ്ങ വില ക്വിന്റലിന് 4650 രൂപ വരെ എത്തി
തിരുവനന്തപുരം: പച്ചത്തേങ്ങ വിലവർധനവിനൊപ്പം വെളിച്ചെണ്ണ വില കൂടി . കേര കർഷകർക്ക് സമീപകാലത്തെങ്ങും ലഭിക്കാത്ത വിലയാണ് പച്ച തേങ്ങക്ക് ഇപ്പോൾ ലഭിക്കുന്നത്. ആഭ്യന്തര വിപണിയിൽ പച്ചത്തേങ്ങ വില ക്വിന്റലിന് 4650 രൂപ വരെ എത്തി. ഇതോടെ കൊപ്രക്കും വെളിച്ചെണ്ണക്കും വില ഇരട്ടിയായി. വെളിച്ചെണ്ണ ലിറ്ററിന് 220 രൂപയാണ് മൊത്തവിൽപ്പനവില. എന്നാൽ ചില്ലറ വിൽപ്പന വില 280 വരെ ആയി. 25 ഓളം ബ്രാൻഡുകളിലാണ് വെളിച്ചണ്ണ വിപണിയിലെത്തുന്നത്. അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിൽ നിന്നാണ് കേരളത്തിലേക്ക് ഇപ്പോൾ ഭൂരിഭാഗവും വെളിച്ചണ്ണ എത്തിയിരിയ്ക്കുന്നത്. ഇവയിലേറെയും തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിൽ നിന്നാണ് എത്തിക്കുന്നത്.കേരളത്തിന് പുറത്ത് താരതമ്യേന വില കുറഞ്ഞ കൊപ്ര ലഭ്യമാണെങ്കിലും കേരളത്തിലെ പച്ചത്തേങ്ങയുടേയും കൊപ്രയുടേയും വിലയുടെ അടിസ്ഥാനത്തിലാണ് ഇവിടെവെളിച്ചെണ്ണയ്ക്ക് വില വർധിക്കുന്നത്.മലബാർ മേഖലയിൽ നാളികേര കർഷകർക്ക് ഇത്രവലിയ വില ലഭിക്കുന്നത് ഇതാദ്യമാണ്. പച്ചത്തേങ്ങ ഉൽപാദനം കുറഞ്ഞതും ആവശ്യം വർധിച്ചതുമാണ് വില കൂടാൻ കാരണമെന്നാണ് കച്ചവടക്കാർ പറയുന്നത്. ശബരിമല സീസൺ കൂടി തുടങ്ങിയതോടെയാണ് പച്ചത്തേങ്ങ വില ഇത്രയും വർധിച്ചത്.

അഞ്ച് വർഷത്തിലേറെയായി കിലോയ്ക്ക് 23 രൂപ മുതൽ 26 വരെയായിരുന്നു പച്ചതേങ്ങ വില ഉണ്ടായിരുന്നത്. കഴിഞ്ഞ ഓണത്തിന് മുമ്പ് അത് 39ൽ എത്തി. അത് കഴിഞ്ഞ് വില 47ലേക്ക് കുതിച്ചു. എന്നാൽ അതിന് പിന്നാലെ വില 40 ലേക്ക് താഴ്ന്നു. പിന്നാലെ തേങ്ങ കിട്ടാനില്ലാത്ത അവസ്ഥ വന്നതോടെ ഇപ്പോൾ വില സർവ്വകാല റെക്കോഡിലേക്ക്കുതിച്ചുയരുകയായിരുന്നു.
