
അഗസ്ത്യാർകൂടം ട്രക്കിംഗ് രജിസ്ട്രേഷൻ ഇന്ന് മുതൽ
- ഈ വർഷത്തെ അഗസ്ത്യാർകൂടം സീസണൽ ട്രക്കിംഗ് ജനുവരി 20 മുതൽ ഫെബ്രുവരി 22 വരെ നടക്കും
തിരുവനന്തപുരം:വനം വകുപ്പിൻ്റെ അനുമതിയോടെയുള്ള ഈ വർഷത്തെ അഗസ്ത്യാർകൂടം സീസണൽ ട്രക്കിംഗ് ജനുവരി 20 മുതൽ ഫെബ്രുവരി 22 വരെ നടക്കും. ഈ തവണ മൂന്നു ഘട്ടം ആയിട്ടാണ് ട്രക്കിംഗ് നടക്കുക.2700/ – രൂപയാണ് ഒരാൾക്ക് ട്രക്കിംഗിന് ആവശ്യമായ തുക. 100 പേർക്കാണ് ട്രക്കിംഗിന് ഒരു ദിവസം അവസരം ഉണ്ടായിരിക്കുക. 70 സ്ലോട്ടുകൾ ഓൺലൈൻ ആയും 30 സ്ലോട്ടുകൾ ഓഫ് ലൈനായും ബുക്ക് ചെയ്യാം . അഗസ്ത്യാർകൂടം യാത്രയ്ക്ക് പോകുന്നവർ ഒരാഴ്ച മുൻപ് എടുത്ത ഹെൽത്ത് സർട്ടിഫിക്കറ്റ് കൈയിൽ കരുതണം.

ട്രക്കിംഗിന് പോകാൻ തയ്യാറാകുന്നവർ വനംവകുപ്പിന്റെ www.forest.kerala.gov.in വെബ് സൈറ്റിൽ serviceonline.gov.in/trekking എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. ഓൺലൈൻ അപേക്ഷയിൽ അംഗീകൃത തിരിച്ചറിയൽ കാർഡ് നമ്പർ ഉൾപ്പെടുത്തണം. 3 ഘട്ടമായാണ് ബുക്കിംഗ് ക്രമീകരിച്ചിരിക്കുന്നത്. 20 മുതൽ 31 വരെയുള്ള ട്രക്കിംഗിന് ജനുവരി 8നും ഫെബ്രുവരി 1 മുതൽ 10 വരെയുള്ള ട്രക്കിംഗിന് ജനുവരി 21നും ഫെബ്രുവരി 11 മുതൽ 22 വരെയുള്ള ട്രക്കിംങിന് ഫെബ്രുവരി 3നുമാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്.ബുക്കിംഗ് രാവിലെ 11ന് തുടങ്ങും .