
വയനാട് പുനരധിവാസം ;529 കോടിയുടെ വായ്പ അനുവദിച്ച് കേന്ദ്രം
- 50 വർഷം തിരിച്ചടക്കേണ്ട മൂലധനനിക്ഷേപ വായ്പയാണ് അനുവദിച്ചിരിക്കുന്നത്
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ പുനരധിവാസത്തിന് 529.5 കോടിയുടെ വായ്പ അനുവദിച്ച് കേന്ദ്രസർക്കാർ. പലിശരഹിത വായ്പയാണ് അനുവദിച്ചിരിക്കുന്നത്. 16 പദ്ധതികൾക്കായാണ് വായ്പ അനുവദിച്ചിരിക്കുന്നത്. 50 വർഷം തിരിച്ചടക്കേണ്ട മൂലധനനിക്ഷേപ വായ്പയാണ് അനുവദിച്ചിരിക്കുന്നത്.
രണ്ട് ടൗൺഷിപ്പുകളുടെ നിർമാണം, റോഡുകളുടേയും പാലങ്ങളുടേയും നിർമാണം എന്നിവ ഉൾപ്പെടുന്ന പദ്ധതികൾക്കായാണ് വായ്പ അനുവദിച്ചത്. ഈ സാമ്പത്തിക വർഷത്തെ പദ്ധതിയിൽ പെടുത്തിയാണ് വായ്പ അനുവദിച്ചത്. ഇതിനാൽ മാർച്ച് 31ന് മുമ്പ് പണം ചെലവഴിക്കണം. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ വ്യക്തത തേടുമെന്നാണ് റിപ്പോർട്ട്.

നേരത്തെ വയനാട് പുനരധിവാസത്തിനായി രണ്ടായിരം കോടിയുടെ പാക്കേജ് അനുവദിക്കണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഭരണപക്ഷ-പ്രതിപക്ഷ എം.പിമാർ ഉൾപ്പടെ ഒരുമിച്ച് ആവശ്യപ്പെട്ടിട്ടും ഒരു സഹായവും കേന്ദ്രത്തിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. കേന്ദ്രബജറ്റിലും ഇതുസംബന്ധിച്ച് പ്രഖ്യാപനമുണ്ടായില്ല.എന്നാൽ, സംസ്ഥാന ബജറ്റിൽ പുനരധിവാസം സമയബന്ധിതമായി നടപ്പാക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞിരുന്നു. അതിനായി ആദ്യഘട്ടത്തിൽ 750 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിക്കുന്നുവെന്നും ധനമന്ത്രി അറിയിച്ചു.അതേ സമയം വയനാട്ടിൽ സംഭവിച്ചത് 1202 കോടിയുടെ നഷ്ടമാണെന്നും ചൂണ്ടിക്കാട്ടിയ ധനമന്ത്രി വയനാടിന്റെ പുനരധിവാസത്തിന് 2221 കോടി രൂപയോളം ആവശ്യമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട് .