
ഗ്രോക്ക് 3 പുറത്തിറക്കി ഇലോൺ മസ്ക്
- ഭൂമിയിലെ ഏറ്റവും മികച്ച എ.ഐ എന്ന് ‘ഗ്രോക്ക്’ 3′ യെ കുറിച്ച് മസ്ക്
വാഷിംങ്ടൺ: എ.ഐ ചാറ്റ്ബോട്ടായ ഗ്രോക്കിൻറെ മൂന്നാം പതിപ്പ് പുറത്തിറക്കി ഇലോൺ മസ്ക്.ഇന്ന് രാവിലെ ഇന്ത്യൻ സമയം 9.30 നാണ് ഗ്രോക്കിൻറെ ഏറ്റവും പുതിയ പതിപ്പ് വിപണിയിലെത്തുന്നത്. ഭൂമിയിലെ ഏറ്റവും മികച്ച എ.ഐ എന്നാണ് ‘ഗ്രോക്ക്’ 3′ യെ കുറിച്ച് മസ്ക് എക്സിൽ വിശേഷിപ്പിച്ചിരിക്കുന്നത്.ഭയങ്കര മികച്ചത് എന്ന് വിശേഷിപ്പിക്കാവുന്ന തരത്തിൽ ബുദ്ധിശക്തിയുള്ളതാണ് ഗ്രോക്ക് 3 എന്നാണ് മസ്ക് എക്സിൽ കുറിച്ചത്. അടുത്തിടെ ദുബായിൽ നടന്ന വേൾഡ് ഗവൺമെന്റ് സമ്മിറ്റിൽ ഗ്രോക്ക് 3 ക്ക് ലോകത്ത് നിലവിലുള്ള എല്ലാ എ.ഐ മോഡലുകളെയും മറികടക്കാൻ കഴിയുമെന്ന് മസ്ക് പറഞ്ഞിരുന്നു.

സിന്തറ്റിക് ഡേറ്റ ഉപയോഗിച്ച് പരിശീലിപ്പിക്കപ്പെട്ട ഗ്രോക്ക് 3 ക്ക് സ്വയം തെറ്റുകളിൽ നിന്ന് പഠിക്കാനും യുക്തിപരമായ കൃത്യത ഉറപ്പ് വരുത്താനും കഴിയുമെന്നും മസ്ക് അന്ന് പറഞ്ഞിരുന്നു. അടുത്തിടെ ചാറ്റ്ജി.പി.റ്റിക്ക് വെല്ലുവിളി ഉയർത്തിക്കൊണ്ട് ചൈന കുറഞ്ഞ ചെലവിൽ ഡീപ്സീക്ക്-ചാറ്റ്ബോട്ട് നിർമിച്ചു ശ്രദ്ധ നേടിയിരുന്നു. എ.ഐ വികസിപ്പിക്കുന്നതിനെ സംബന്ധിച്ച് മസ്കും ഓപ്പൺ എ.ഐ സി.ഇ.ഒ ആൾട്ട്മാനും തമ്മിൽ വിയോജിപ്പ് പരസ്യമായിരുന്നു.മസ്കും ആൾട്ടമാനും ചേർന്ന് 2015ൽ ആരംഭിച്ച എ.ഐ പ്ലാറ്റ്ഫോമായ ഓപ്പൺ എ.ഐയിൽ ലാഭത്തിന് വേണ്ടി മാറ്റങ്ങൾ വരുത്തിയതാണ് മസ്കിൻറെ വിമർശനത്തിന് പിന്നിലുള്ള കാരണമെന്ന് പുറത്തുവന്നിരുന്നു. പരമാവധി ലാഭം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഓപ്പൺ എ.ഐയുടെ പേര് ‘ക്ലോസ്ഡ്’ എന്നാക്കിയതിന് കോടതി നടപടിയും സ്വീകരിച്ചിട്ടുണ്ട്.