
കനാൽവെള്ളമെത്തണം ;കർഷകർ ആശങ്കയിലാണ്
- കനത്തവെയിലിൽ പാടങ്ങൾ വെള്ളമില്ലാതെ വരണ്ടുണങ്ങിയിരിക്കുകയാണ്. നെൽകൃഷിയിറക്കിയ കർഷകർ ആശങ്കയിലാണ്.
എടവരാട് : കനാൽവെള്ളം ഇതുവരെയും എത്തിയില്ല കർഷകർ ആശങ്കയിൽ. കനത്തവെയിലിൽ നെൽകൃഷിയിറക്കിയ പാടങ്ങൾ വെള്ളമില്ലാതെ വരണ്ടുണങ്ങി യിരിക്കുകയാണ്. എത്രയും വേഗം കനാൽ വെള്ളമെത്തിയില്ലെങ്കിൽ കതിർ വന്നു തുടങ്ങിയ കൃഷി ഉണങ്ങിനശിക്കുമെന്ന ആശങ്കയിലാണ് കർഷകർ.
പേരാമ്പ്ര പഞ്ചായത്തിലെ എടവരാട് മേഖലയിലെ ജ്യോതി, ത്രിവേണി, എളറൻകോട്ട് പാട ശേഖരങ്ങളാണ് വരണ്ടുണങ്ങിയത്. തോടുകളെല്ലാം വറ്റുകയും കിണറുകളിലെ വെള്ളം താഴ്ന്നതും പ്രശ്നം ഗുരുതരമാക്കുന്നു. പാടങ്ങളിലേക്ക് കിണറുകളിൽനിന്ന് വെള്ളം പമ്പ് ചെയ്യാറുണ്ടായിരുന്നു. കിണറിൽ വെള്ളം വറ്റിത്തുടങ്ങിയതിനാൽ പമ്പ് ചെയ്യാനും കഴിയില്ല. എടവരാട് ജ്യോതി പാടശേഖരത്തിൽ ഡിസംബറിലാണ് മകരം പുഞ്ച കൃഷിയിറക്കിയത്. മാർച്ച്, ഏപ്രിലോടെ വിളവെടുക്കുകയാണ് പതിവ്.
കതിർ വന്നുതുടങ്ങുന്ന സമയത്ത് വെള്ളമില്ലാത്തത് വിളവിനെ ബാധിക്കുമെന്ന് കർഷകർ പറയുന്നു. കഴിഞ്ഞ വർഷം ഇതുപോലെ വെള്ളമില്ലാത്തത് വിളവ് കുറയാൻ കാരണമായിരുന്നു. ഏറെ വൈകി വെള്ളം ലഭിച്ചിട്ടും പ്രയോജനമില്ലാതെ പോകും. 80 ഏക്കറോളമുള്ള ജ്യോതി പാടശേഖരത്തിൽ 50 ഏക്കർ സ്ഥലത്ത് ഇത്തവണ കൃഷിയി റക്കിയിട്ടുണ്ട്. 20 ഏക്കറോളം സ്ഥലത്തു ചെയ്ത മുണ്ടകൻ കൃഷി കൊയ്ത്ത് കഴിഞ്ഞു. 60 ഓളം കൃഷിക്കാരാണ് ഇവിടെ കൃഷി ചെയ്യുന്നത്.
എരവട്ടൂർ കനാൽ മുക്ക്, ആക്കുപറമ്പ് ഭാഗത്തെ കാനാലുകളിൽ വെള്ളമെത്തിയാലാണ് വേനൽക്കാലമായാൽ പാടങ്ങളിലേക്ക് വെള്ളം കിട്ടുകയു ള്ളൂ. പിലാറത്ത് താഴെനിന്ന് ഫീൽഡ് ബോത്തിയിലൂടെ പാടത്തേക്ക് വെള്ളം ഒഴുകിയെത്തും. കനാൽ തുറന്നെങ്കിലും ഈ ഭാഗത്തേക്കുള്ള ബ്രാഞ്ച് കനാൽ
18-നേ തുറക്കുകയുള്ളൂ.
നെൽകൃഷിക്ക് സമയത്ത് വെള്ളം ലഭിക്കുക നല്ല വിളവ് ലഭിക്കാൻ പ്രധാനമാണ്. വേനൽക്കാലത്ത് കനാൽവെള്ളം ലഭിക്കുമെന്ന് പ്രതീക്ഷിച്ചാണ് പലരും കൃഷിയിറക്കുന്നത്. ഡാമിൽ നിന്ന് കനാലിലേക്ക് വെള്ളം തുറന്നുവിടാൻ തുടങ്ങിയിട്ടും ഈ ഭാഗത്തേക്ക് വെള്ളമെത്തിക്കാൻ നടപടിയുണ്ടായിട്ടില്ല.വെള്ളം വേഗം എത്തിക്കണമെന്ന് ആവശ്യപ്പെട്ട് കുറ്റ്യാടി ജലസേചന പദ്ധതി അധികൃതരെ പാടശേഖര സമിതി ഭാരവാഹികൾ സമീപിച്ചിട്ടുണ്ട്.