
പരിവാഹൻ സൈറ്റിൽ അപാകം; പൊലൂഷൻ സർട്ടിഫിക്കറ്റ് കാലാവധി കഴിഞ്ഞതിന് പെറ്റിയില്ല- എം.വി.ഡി
- 22-2-2025 നും 27-2-2025-നമിടയിൽ പുക പരിശോധന സർട്ടിഫിക്കറ്റിന്റെ കാലാവധി അവസാനിച്ച വാഹനങ്ങൾക്ക് പിഴ ചുമത്തുന്നത് ഒഴിവാക്കി
തിരുവനന്തപുരം :സംസ്ഥാനത്തെ വാഹനങ്ങളുടെ പുക പരിശോധനാ കേന്ദ്രങ്ങളുടെ പ്രവർത്തനം നിശ്ചലമായതിനാൽ കുറച്ച് ദിവസങ്ങളായി വാഹന ഉടമകൾ ബുദ്ധിമുട്ടിലാണ്. പുക പരിശോധന സർട്ടിഫിക്കറ്റിന്റെ കാലാവധി അവസാനിച്ചവർക്കാണ് ബുദ്ധിമുട്ട്. കഴിഞ്ഞ വെള്ളി, ശനി, തിങ്കൾ ദിവസങ്ങളിൽ പുക പരിശോധനാ കേന്ദ്രങ്ങൾക്ക് പ്രവർത്തിക്കാനായിട്ടില്ല. മോട്ടോർ വാഹന വകുപ്പിന്റെ പരിവാഹൻ സൈറ്റിലുണ്ടായ അപാകമാണ് പ്രശ്നങ്ങൾക്ക് കാരണം. അതിനാൽ പുക പരിശോധന സർട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞതോർത്ത് ആശങ്കപ്പെടേണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. 22-2-2025 നും 27-2-2025-നമിടയിൽ പുക പരിശോധന സർട്ടിഫിക്കറ്റിന്റെ കാലാവധി അവസാനിച്ച വാഹനങ്ങൾക്ക് പിഴ ചുമത്തുന്നത് ഒഴിവാക്കിയിട്ടുണ്ടെന്നാണ് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്.

വാഹനങ്ങൾ ടെസ്റ്റ് ചെയ്യുന്നതിനും മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ട മറ്റാവശ്യങ്ങൾക്കും പുക പരിശോധന നിർബന്ധമാണ്. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ കീഴിലുള്ള വാഹൻ പോർട്ടൽ സാങ്കേതിക കാരണങ്ങളാൽ 22-02-25 മുതൽ പ്രവർത്തന രഹിതമാണെന്നാണ് മോട്ടോർ വാഹന വകുപ്പ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്. സോഫ്റ്റ്വെയർ സെർവറിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ രാജ്യവ്യാപകമായി ഈ പ്രശ്നം നിലനിൽക്കുന്നുണ്ട്. ഇത് പൂർവസ്ഥിതിയിൽ എത്തിക്കാൻ ഇനിയും 24 മണിക്കൂറിൽ അധികം സമയം വേണമെന്നും എം.വി.ഡിയുടെ കുറിപ്പിൽ പറയുന്നു.