
മിനിമം മാർക്ക്; എട്ടാംക്ലാസിൽ തോൽപ്പിക്കില്ല
- പഠനമികവിന് പ്രത്യേക പരിശീലനം നൽകും
തിരുവനന്തപുരം :സംസ്ഥാനത്തെ സ്കൂളുകളിൽ ഈവർഷം മുതൽ എട്ടാംക്ലാസിൽ മിനിമം മാർക്ക് പദ്ധതി നടപ്പാക്കുമെങ്കിലും ആരെയും തോൽപ്പിക്കില്ല. മിനിമം മാർക്കില്ലാത്ത കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകും. എഴുത്തുപരീക്ഷയിൽ ഓരോ വിഷയത്തിനും മിനിമം 30 ശതമാനം മാർക്ക് നേടണമെന്നാണു വ്യവസ്ഥ. എന്നിട്ടും നിലവാരത്തിലേക്ക് എത്തിയില്ലെങ്കിൽ ഒൻപതിലേക്കു കയറ്റം നൽകിയശേഷം വീണ്ടും പ്രത്യേക പരിശീലനം നൽകാനാണു നിർദേശം.

സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസപദ്ധതിയുടെ ഭാഗമായി എട്ടാംക്ലാസിലെ കുട്ടികളുടെ വാർഷികപരീക്ഷയുടെ മൂല്യനിർണയം നാലാംതീയതി വെള്ളിയാഴ്ച പൂർത്തിയാക്കണം. അധ്യയനവർഷം ഓരോ വിഷയത്തിലും കുട്ടി മിനിമം പഠനലക്ഷ്യങ്ങൾ നേടിയിരിക്കണമെന്നു നിർദേശമുണ്ട്.40 മാർക്കിന്റെ എഴുത്തുപരീക്ഷയിൽ 12 മാർക്കും 20 മാർക്കിന്റെ എഴുത്തുപരീക്ഷയിൽ ആറുമാർക്കും ലഭിക്കാത്ത കട്ടികൾക്ക് പഠനപിന്തുണ നൽകണമെന്നാണു നിർദേശം.