
തലസ്ഥാനത്തെ ഏറ്റവും വലിയ സ്മാർട്ട് റോഡ് മുഖ്യമന്ത്രി ഇന്ന് നാടിനു സമർപ്പിക്കും
- സംസ്ഥാനത്തിൻ്റെ തലസ്ഥാന നഗരി ലോകമാകെ ശ്രദ്ധിക്കുന്ന നിലയിലേക്ക് സ്മാർട്ട് റോഡുകളുള്ള നഗരമായി മാറുകയാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു
തിരുവനന്തപുരം: ലോകോത്തര നിലവാരത്തിൽ നിർമിച്ച തലസ്ഥാനത്തെ ഏറ്റവും വലിയ സ്മാർട്ട് റോഡ് ഇന്ന് നാടിനു സമർപ്പിക്കും.റോഡിൻ്റെ നിർമാണം സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്. സംസ്ഥാനത്ത് എല്ലായിടങ്ങളിലേയ്ക്കും സ്മാർട്ട് റോഡ് വ്യാപിപ്പിക്കാനാണ് സർക്കാർ ആലോചിക്കുന്നത്.

സംസ്ഥാനത്തിൻ്റെ തലസ്ഥാന നഗരി ലോകമാകെ ശ്രദ്ധിക്കുന്ന നിലയിലേക്ക് സ്മാർട്ട് റോഡുകളുള്ള നഗരമായി മാറുകയാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇന്നലെ സ്മാർട്ട് റോഡിലൂടെ നൈറ്റ് വാക്ക് നടത്തിക്കൊണ്ടായിരുന്നു മന്ത്രിയുടെ പ്രതികരണം. പേരിൽ മാത്രമല്ല ലുക്കിലും വർക്കിലും സ്മാർട്ട് ആണ് തിരുവനന്തപുരത്തെ സ്മാർട്ട്റോഡുകൾ. വൈദ്യുതി ലൈൻ ഉൾപ്പടെ കേബിളുകൾ ഭൂമിക്കിടയിലൂടെ. നഗരത്തിന്റെ ഭംഗി നശിപ്പിക്കുന്ന കേബിൾ കൂട്ടമോ വൈദ്യുത പോസ്റ്റുകളോ ഇനി ഉണ്ടാവില്ല.രാത്രികാലങ്ങളിൽ എതിരെ വരുന്ന വാഹനങ്ങളുടെ ഹെഡ്ലൈറ്റ് കാഴ്ച മറയ്ക്കുന്നത് വലിയ അപകടങ്ങൾക്ക് വഴി വെയ്ക്കാറുണ്ട്. സ്മാർട്ട് റോഡുകളിൽ ആന്റി ഫ്ലെയർ മീഡിയനുകൾ ഉപയോഗിച്ച് അതിനും പരിഹാരം കണ്ടിട്ടുണ്ട്