
താമരശ്ശേരി ഷഹബാസ് വധക്കേസ്; പ്രതികളുടെ പരീക്ഷഫലം പ്രസിദ്ധീകരിച്ചു
- ആറു വിദ്യാർഥികളുടെ ഫലം തടഞ്ഞുവെച്ച വിദ്യാഭ്യാസ വകുപ്പിൻ്റെ നടപടിക്കെതിരെ ഹൈകോടതി കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു
തിരുവനന്തപുരം: താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർഥി ഷഹബാസിനെ മർദിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ പത്താം ക്ലാസ് പരീക്ഷഫലം പ്രസിദ്ധീകരിച്ചു. ആറു വിദ്യാർഥികളുടെ ഫലം തടഞ്ഞുവെച്ച വിദ്യാഭ്യാസ വകുപ്പിൻ്റെ നടപടിക്കെതിരെ ഹൈകോടതി കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു. ‘പരീക്ഷാഫലം എങ്ങനെ തടഞ്ഞുവെക്കാനാകും. പരീക്ഷാഫലം തടഞ്ഞുവെക്കാൻ സർക്കാറിന് എന്ത് അധികാരമെന്നും കോടതി ചോദിച്ചിരുന്നു. ഫലം പ്രസിദ്ധീകരിച്ചില്ലെങ്കിൽ അനാസ്ഥയായി കണക്കാക്കുമെന്നും കോടതി പറഞ്ഞു.ഇതിനെ തുടർന്നാണ് എസ്.എസ്.എൽ.സി ഫലം പ്രസിദ്ധീകരിച്ചത്. ഇനി തുടർപഠനത്തിന് ഈ വിദ്യാർഥികൾക്ക് അവസരമുണ്ടാകും.

ഫെബ്രുവരി 28നാണ് വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന താമരശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിൻ്റെ മകൻ മുഹമ്മദ് ഷഹബാസ് (15) മരിച്ചത്. ജുവനൈൽ ഹോമിലെ പ്രത്യേക പരീക്ഷാ കേന്ദ്രത്തിൽ വെച്ചായിരുന്നു പ്രതികളായ വിദ്യാർഥികൾ പരീക്ഷ എഴുതിയത്.