
ഗാന്ധീയം ഗാന്ധി സ്മൃതി സംഗമം ഉദ്ഘാടനം ചെയ്തു
- ഗാന്ധിജി വിജയിക്കണം, സത്യവും വിജയിക്കണം” എന്ന് പ്രശസ്ത സാഹിത്യകാരനായ കൽപ്പറ്റ നാരായണൻ അഭിപ്രായപ്പെട്ടു
കോഴിക്കോട്: “ഗാന്ധി വിരുദ്ധമായി കൊണ്ടിരിക്കുന്ന കാലത്ത് വിദ്യാരംഭവും ഗാന്ധിജയന്തിയും ഒരേ ദിവസമാണ് വന്നത്. ഇനിയുള്ള കാലത്തേക്കുള്ള വിദ്യാരംഭത്തിന്റെ തുടക്കമാകണം ഇത്. ഗാന്ധിജി വിജയിക്കണം, സത്യവും വിജയിക്കണം” എന്ന് പ്രശസ്ത സാഹിത്യകാരനായ കൽപ്പറ്റ നാരായണൻ അഭിപ്രായപ്പെട്ടു. ടാഗോർ ഫൗണ്ടേഷൻ കേരളയും ഇന്ത്യൻ പ്രവാസി മൂവ്മെന്റും ഒത്തുചേർന്നു നടത്തിയ ഗാന്ധീയം ഗാന്ധി സ്മൃതി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പി ആർ നാഥൻ ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി.

ഗാന്ധിജി പ്രവാസിയായിരുന്ന കാലത്ത് ഗാന്ധിയെ സമൂഹ്യപ്രവർത്തനത്തിലേക്ക് നയിച്ച വിദേശ രാജ്യങ്ങളിൽ ഇന്ത്യക്കാർക്കെതിരെ നിലനിന്നിരുന്ന അതിക്രമങ്ങൾ നൂറ്റാണ്ടുകൾക്കിപ്പുറവും യാതൊരു മാറ്റവും ഇല്ലാതെ നിലനിൽക്കുന്നു എന്ന് ഇന്ത്യൻ പ്രവാസി മൂവ്മെന്റ് പ്രസിഡന്റ് ആർ ജെ സജിത്ത് പറഞ്ഞു. പുതിയ കാലഘട്ടത്തിൽ ഗാന്ധിജിയുടെ മൂല്യം കുറച്ചു കാണുകയും ചരിത്രത്തിൽ നിന്നും പാഠപുസ്തകങ്ങളിൽ നിന്നും അദ്ദേഹത്തെ തമസ്‌ക്കരിക്കുന്ന രീതിയിലുള്ള അന്തർധാരാ പ്രവർത്തനങ്ങൾ നടന്നു വരുന്നതിൽ നാം കൂടുതൽ ജാഗ്രത പുലർത്തണമെന്ന് എഴുത്തുകാരനും കോളമിസ്റ്റുമായ നെല്ലിയോട്ട് ബഷീർ അഭിപ്രായപ്പെട്ടു.ആർ ജയന്ത് കുമാർ അധ്യക്ഷത വഹിച്ചു. അനീസ സുബൈദ, കെ റഹിയാന ബീഗം,സഹീർ ഒളവണ്ണ, മോഹനൻ പുതിയോട്ടിൽ, പി അനിൽ,സാലിഹ് മഞ്ചേരി, മുഹ്സിൻ താനൂർ, നവാസ് കൂരിയാട്, സത്താർ പൈക്കാടൻ എന്നിവർ പ്രസംഗിച്ചു. ദിനേശ് കാരന്തൂർ ഗാന്ധിജിയുടെ വേഷത്തിൽ എത്തി. ഗാന്ധിജി വിഭാവനം ചെയ്ത ഭാരതത്തിനായി പുനർപ്പണ പ്രതിജ്ഞയും, ഇന്ത്യൻ പ്രവാസി മൂവ്മെൻറിന്റെ വിദേശ ജയിലുകളിൽ കഴിയുന്ന ഇന്ത്യക്കാരുടെ കുട്ടികളുടെ പുനരധിവാസത്തിനായുള്ള വിരഹ പദ്ധതിയിലെ പുതിയ നാല് സാമൂഹ്യ പ്രവർത്തകരുടെ ഇൻഡക്ഷൻ ചടങ്ങും നടന്നു.ചടങ്ങിനു ശേഷം ഗാന്ധിജിയോടൊത്ത് കടൽ തീരത്തു കൂടി ഗാന്ധി സ്മൃതി സംഗമ യാത്ര നടത്തി.
