
ഇന്ത്യക്കാർക്ക് വിസയില്ലാതെ ഇനി ഇറാനിലേക്ക് പ്രവേശനമില്ല
- നവംബർ 22 മുതൽ വിസയില്ലാതെയുള്ള യാത്ര അനുവദിക്കില്ല
ഇറാൻ:സാധാരണ പാസ്പോർട്ട് ഉപയോഗിച്ച് വിനോദസഞ്ചാരത്തിനായി ഇന്ത്യക്കാർക്ക് വിസയില്ലാതെ ഇനി ഇറാനിലേക്ക് പ്രവേശനം കിട്ടില്ല. നവംബർ 22 മുതൽ വിസയില്ലാതെയുള്ള യാത്ര അനുവദിക്കില്ല. ഇറാൻ്റെ ടൂറിസം വികസിപ്പിക്കുന്നതിനായി 2024 ഫെബ്രുവരിയിലാണ് ഇന്ത്യ ഉൾപ്പെടെയുള്ള 30 രാജ്യങ്ങളിലെ പൗരന്മാർക്ക് വിസയില്ലാതെ തന്നെ ഇറാനിലേക്ക് യാത്ര ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരുന്നത്.എന്നാൽ, ഇറാൻ നൽകിയിരുന്ന ഈ ഇളവുകളെ മുതലെടുത്ത് തൊഴിൽ തട്ടിപ്പ് സംഘങ്ങൾ ഇന്ത്യൻ പൗരന്മാരെ ഇറാനിലേക്ക് എത്തിക്കുന്നത് ശ്രദ്ധയിൽപെട്ടതോടെയാണ് ഇറാനിയൻ സർക്കാർ കടുത്ത നടപടിയിലേക്ക് നീങ്ങിയതെന്നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
വിസ ഇളവുകൾ നൽകിയത് വിനോദ സഞ്ചാരത്തിന് പോകുന്നതിനായാണ്. ആറുമാസത്തിൽ ഒരിക്കൽ 15 ദിവസത്തേക്ക് മാത്രമാണ് ഇത്തരത്തിൽ യാത്ര ചെയ്യാൻ സാധിക്കൂ.

വിസയില്ലാതെ ഇറാനിലെത്തി തൊഴിൽ ചെയ്യുന്നത് നിയമവിരുദ്ധമാണ്. എന്നാൽ, സാധാരണക്കാരായ ജനങ്ങളെ തൊഴിൽ വാഗ്ദാനങ്ങൾ നൽകി ചതിച്ചാണ് ഏതാനും ഏജന്റുമാർ ഇറാനിൽ എത്തിച്ചുകൊണ്ടിരുന്നതെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇത്തരത്തിൽ ചതികളിൽപെട്ട് ഇറാനിൽ എത്തുന്ന ആളുകളെ ക്രിമിനലുകൾ തട്ടിക്കൊണ്ട് പോകുന്ന സംഭവങ്ങളും .ഇത്തരം സംഭവങ്ങൾ പലപ്പോഴായി ആവർത്തിച്ചതിനെ തുടർന്നാണ് നവംബർ 22 മുതൽ ഇന്ത്യൻ പൗരന്മാർക്ക് വിസയില്ലാതെ ഇറാനിലെത്താനുള്ള സൗകര്യം റദ്ദാക്കുന്നതെന്നാണ് പ്രസ്താവനയിൽ പറയുന്നത്. ഇനി മുതൽ സാധാരണ ഇന്ത്യൻ പാസ്പോർട്ട് ഉടമകളായ വ്യക്തികൾ ഇറാനിലേക്കും ഇറാനിലൂടെയും യാത്ര ചെയ്യുന്നതിന് പ്രത്യേകം വിസ നേടണമെന്നും, വിസയില്ലാതെ യാത്ര ചെയ്യാമെന്ന് പറഞ്ഞുള്ള കബളിപ്പിക്കലിൽ ജാഗ്രത സ്വീകരിക്കണമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
