
സത്യഭാമയുടെ അധിക്ഷേപത്തിനെതിരെ പ്രതിഷേധവുമായി നാടക്
കലാമേഖലയിൽ ഇത്രയും മാലിന്യം പേറുന്ന മനസ്സുകൾ ഉണ്ടോയെന്ന് അതിശയിപ്പിക്കുന്നതാണ് ആര്‍.എല്‍.വി രാമകൃഷ്ണനും മറ്റു നർത്തകീ നർത്തകർക്കും എതിരെയുള്ള സത്യഭാമയുടെ അധിക്ഷേപങ്ങൾ. വർണവെറിയും വംശീയതയും കലയിൽ കലർത്തുന്നവർ അപകടകാരികളാണ്. അത്തരക്കാർക്കെതിരെ ഒറ്റക്കെട്ടായി സമൂഹം നിലകൊള്ളണം.
ഉന്നത വിദ്യാഭ്യാസം നേടിയ ഒരു കലാകാരന് ഈ നാട്ടിൽ നിരന്തരമായി നേരിടേണ്ടി വരുന്ന ജാതിവിവേചനവും വർണ്ണ വെറിയുടെ അധിക്ഷേപവും നമ്മുടെ ഓരോരുത്തരുടെയും തലകുനിപ്പിക്കുന്നു. നിറവും ജനിച്ച ജാതിയും പുരുഷനായ നർത്തകൻ്റെ ശാരീരിക ചലനവും എണ്ണിപ്പറഞ്ഞ് നൃത്തം ചെയ്യാൻ യോഗ്യതയില്ല എന്നും വെളുത്ത നിറം കുറവുള്ളവർ പഠിച്ചാൽ മതി മത്സരിക്കേണ്ടതില്ല എന്നും ഉന്നതമായ ഒരു കലാ സ്ഥാപനത്തിൻറെ പേര് സ്വന്തം പേരിനൊപ്പം തൂക്കിയ ഒരു വ്യക്തി തികഞ്ഞ ആധികാരികതയോടെയും ധാർഷ്ട്യത്തോടെയും പറയുമ്പോൾ നമ്മുടെ മുഖത്തേക്ക് തെറിക്കുന്നത് ബ്രാഹ്മണ്യത്തിന്റെ, അതുവഴി നടപ്പാക്കാൻ ശ്രമിക്കുന്ന ഫാഷിസത്തിന്റെ തുപ്പലാണ്. കേരളത്തെക്കുറിച്ച് നമ്മൾ ഊറ്റം കൊള്ളുന്ന, ഇവിടെ നിർമ്മിക്കപ്പെട്ടു എന്ന് വിശ്വസിച്ചിരുന്ന നവോത്ഥാനത്തെ കുറിച്ചുള്ള അവകാശവാദങ്ങളാണ് അപ്രസക്തമാകുന്നത്.
കലയെക്കുറിച്ച് യാതൊന്നും അറിയാത്ത, ഉപജീവനത്തിനായി മാത്രം അതിനെ ആശ്രയിക്കുന്നവർ കല ഒരു സമൂഹത്തിൽ നിർവഹിക്കുന്ന റോള് എന്തെന്നറിയാതെ വായിൽ വരുന്നത് എന്തും സംസാരിക്കുന്നത് ഇന്ന് സാധാരണയായിട്ടുണ്ട്. കുലവും ജാതിയും നിറവും സൗന്ദര്യവും മുന്നിൽവച്ച് കൊണ്ട് കലാകാരർ എന്ന പേരിൽ അത്തരക്കാർ മനുഷ്യരെ ചവിട്ടി അരയ്ക്കുമ്പോൾ അവർക്ക് കയ്യടി കൊടുക്കാനും പ്രോത്സാഹിപ്പിക്കാനും ഒരു നവ ബ്രാഹ്മണ്യ ബോധം ഇവിടെ ശക്തിയാർജിച്ചു വരുന്നുണ്ട്. ആ സവർണ്ണ ബോധത്തിന്റെ നെറുകയിൽ ശക്തമായ പ്രഹരം ഏൽപ്പിക്കാതെ ഒരടി മുന്നോട്ടു മനുഷ്യനായി നടക്കാനാവില്ല.
കലയുടെ പേരിൽ കലാവിരുദ്ധമായി, മാനവികതയ്ക്കും മനുഷ്യത്വത്തിനും എതിരായി പറയുകയും പ്രവർത്തിക്കുകയും ചെയ്യുമ്പോൾ ഒറ്റക്കെട്ടായി നിന്ന് ചെറുക്കേണ്ടത് കലാസമൂഹത്തിന്റെയും സാംസ്കാരിക ലോകത്തിന്റെയും ഉത്തരവാദിത്വമാണ്. അത് തെറ്റാണെന്ന് തിരിച്ചറിയുന്ന ഓരോരുത്തരുടെയും കടമയാണ്. ടി.സത്യഭാമയുടെ വർണ്ണ വംശ സൗന്ദര്യ വെറിക്കെതിരെ നാടക് ശക്തമായി പ്രതിഷേധിക്കുന്നു. അപമാനിതരായ എല്ലാ കലാകാരർക്കും ഒപ്പമുണ്ടാവുമെന്ന് പ്രസിഡണ്ട് ഡി. രഘുത്തമൻ, സെക്രട്ടറി ജെ. ശൈലജ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.