
കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് സമാപനം
- സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി മുഖ്യാതിഥി
തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് സമാപനം. അവസാന ദിനമായ ഇന്ന് 11 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക.സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രിയാണ് മുഖ്യാതിഥിയായി എത്തുന്നത്. കേരളത്തിന്റെ അഭിമാനമായ മേളയ്ക്ക് മുപ്പതാം കൊല്ലം നേരിടേണ്ടി വന്നത് അസാധാരണമായ സാഹചര്യങ്ങളാണ്. ബാറ്റിൽഷിപ്പ് പോട്ടംകിൻ അടക്കം 19 സിനിമകൾക്ക് കേന്ദ്രം സെൻസർ ഇളവ് അനുവദിക്കാതെ വന്നതോടെയാണ് മേള പ്രതിസന്ധിയിലായത്.പിന്നാലെയുയർന്നത് കടുത്ത പ്രതിഷേധമായിരുന്നു. വ്യാപക വിമർശനത്തിന് പിന്നാലെ കേന്ദ്രം ആറെണ്ണം ഒഴികെ മറ്റ് സിനിമകൾക്ക് സെൻസർ ഇളവ് നൽകി. വിലക്ക് നോക്കാതെ എല്ലാ ചിത്രങ്ങളും പ്രദർശിപ്പിക്കുമെന്നായിരുന്നു കേരളം ആദ്യം പ്രഖ്യാപിച്ചത്.എന്നാൽ, കേന്ദ്രം നിലപാട് കടുപ്പിച്ചതോടെ കേരളം പിന്നോട്ട് പോയി. കേന്ദ്രം വിലക്കിയ സിനിമകളുടെ പ്രദർശനം ഒടുവിൽ മാറ്റിവച്ചു. അങ്ങനെ മേളയുടെ മുപ്പതാം കൊല്ലം വിലക്കിന് കീഴടങ്ങുന്നതും കണ്ടു.

സെൻസർ ഇളവിന് അപേക്ഷിക്കുന്നതിൽ അക്കാദമി കാലതാമസം വരുത്തിയത് മറയ്ക്കാൻ വികാരപ്രകടനം നടത്തുന്നു എന്ന് വിമർശിച്ചത് മേളയുടെ മുൻ ആർട്ടിസ്റ്റിക്ക് ഡയറക്ടർ തന്നെയായിരുന്നു. മേളക്കാലത്ത് അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടി സ്ഥലത്തില്ലാത്തതും വ്യാപക വിമർശനത്തിനിടയാക്കി. സമാപന സമ്മേളനത്തിനായാണ് ചെയർമാൻ എത്തിയത്.
