
മംഗലാപുരം സർവകലാശാലയ്ക്ക് കീഴിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള 22 സ്വകാര്യ ബിരുദ കോളേജുകൾ അടച്ചു പൂട്ടാൻ തീരുമാനം
- വൈസ് ചാൻസലർ പ്രൊഫ. പി.എൽ. ധർമ്മയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
മംഗളൂരു: മംഗലാപുരം സർവകലാശാലയ്ക്ക് കീഴിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള 22 സ്വകാര്യ ബിരുദ കോളേജുകൾ അടച്ചു പൂട്ടാൻ തീരുമാനം. തിങ്കളാഴ്ച ചേർന്ന മംഗളൂരു സർവകലാശാല അക്കാദമിക് കൗൺസിൽ യോഗത്തിൽ ഇത് സംബന്ധിച്ച അംഗീകാരം നൽകി. വൈസ് ചാൻസലർ പ്രൊഫ. പി.എൽ. ധർമ്മയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഈ കോളേജുകളിൽ ഇതിനകം പ്രവേശനം നേടിയവരും നിലവിൽ പഠനം തുടരുന്നവരുമായ വിദ്യാർത്ഥികളെ ഈ തീരുമാനം പ്രതികൂലമായി ബാധിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. നിലവിലുള്ള വിദ്യാർത്ഥികൾക്ക് അവരുടെ കോഴ്സുകൾ പൂർത്തിയാക്കുന്നതുവരെ അക്കാദമിക് പ്രവർത്തനങ്ങൾ തുടരുമെന്ന് വൈസ് ചാൻസലർ ഉറപ്പ് നൽകി.

അക്കാദമിക്, അഡ്മിനിസ്ട്രേറ്റീവ് സേവനങ്ങളും തടസ്സമില്ലാതെ നൽകാൻ കോളേജുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. വിദ്യാർത്ഥികളുടെ പ്രവേശനത്തിലെ ദീർഘകാല ഇടിവാണ് അടച്ചുപൂട്ടലിന് കാരണമെന്ന് സർവകലാശാല അധികൃതർ വിശദീകരിച്ചു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിരവധി സ്വകാര്യ ബിരുദ കോളേജുകളിൽ പ്രവേശനത്തിൽ സ്ഥിരമായ ഇടിവ് ഉണ്ടായിട്ടുണ്ട്. കോളജുകൾ നടപ്പ് അധ്യയന വർഷത്തേക്കുള്ള അഫിലിയേഷൻ പുതുക്കലിന് അപേക്ഷിച്ചില്ല. മാനേജ്മെന്റുകൾ സ്വയം അടച്ചുപൂട്ടൽ നിർദ്ദേശങ്ങൾ സമർപ്പിച്ചു. 22 കോളേജുകൾ അടച്ചുപൂട്ടുന്നതോടെ, മംഗലാപുരം സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്‌തിട്ടുള്ള ആകെ കോളേജുകളുടെ എണ്ണം 167 ആയി കുറയും.
