മലയോര മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷം

മലയോര മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷം

  • സ​റ​ണ്ടർ ചെയ്ത തോക്കുകൾ തിരിച്ചു നൽകാതെ ജി​ല്ലാ ഭ​ര​ണ​കൂ​ടം

മുക്കം: മലയോര മേഖലയിലും മറ്റു പ്രദേശങ്ങളിലും ജില്ലയിൽ കാട്ടുപന്നി ശല്യം വീണ്ടും രൂക്ഷമായി. ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ല ഭരണകൂടം സറണ്ടർ ചെയ്ത തോക്കുകൾ തിരിച്ചു നൽകാൻ നടപടിയില്ലാതായതോടെയാണ് ശല്യം രൂക്ഷമായത്.

മനുഷ്യജീവന് തന്നെ ഭീഷണിയാവുന്ന തരത്തിലാണ് പന്നിശല്യം രൂക്ഷമാവുന്നത് എന്ന് നാട്ടുകാർ പറയുന്നു. കോടഞ്ചേരി പഞ്ചായത്തിലെ 19-ാം വാർഡ് കണ്ണോത്ത് കിഴക്കേടത്ത് ബിനോയിക്ക് കഴിഞ്ഞദിവസം കാട്ടുപന്നി ആക്രമണത്തിൽ പരിക്കേറ്റിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ ബൈക്കിൽ യാത്ര ചെയ്യുമ്പോൾ പുതുശേരിപ്പടി- കാളറാവ് റോഡിൽ വെച്ച് കാട്ടുപന്നി ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയും ബിനോയിയെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. ആക്രമണത്തിൽ വാരിയെല്ലിനും തോളെല്ലിനുമായി മൂന്ന് പൊട്ടലുകളുണ്ട്.

അതേ സമയം ലൈസൻസുള്ള എംപാനൽ ഷൂട്ടർമാരെ ഉ പയോഗിച്ച് കാട്ടുപന്നികളെ നിയന്ത്രിക്കാൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർക്ക് പ്രത്യേക അധികാരമുണ്ട്. കാട്ടുപന്നി ശല്യം രൂക്ഷമായ ഇടങ്ങളിൽ ഇത്തരത്തിൽ വേട്ട നടത്തിയാണ് ഇവയെ നിയന്ത്രിച്ചിരുന്നത്. എന്നാൽ ലോക്സഭ തെരഞ്ഞെടുപ്പിന്റെ പേരിൽ സറണ്ടർ ചെയ്‌തിരിക്കുന്ന തോക്കുകൾ തിരിച്ചു ലഭിക്കാത്തതിനാൽ എംപാനൽ ഷൂട്ടർമാരെ ഉപയോഗിച്ച് ഇവയെ വെടിവെച്ചു കൊല്ലാനും കഴിയാത്ത അവസ്ഥയാണെന്ന് കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി പറയുന്നു.

മലയോര മേഖലയിൽ നിരന്തരമായി കാട്ടുപന്നി ആക്രമണങ്ങൾ ഉണ്ടാകുമ്പോഴും ലൈസൻസുള്ള തോക്കുകൾ ഷൂട്ടർമാർക്ക് തിരികെ നൽകുവാൻ ആവശ്യമായ നടപടികൾ ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാത്തതാണ് പ്രതിസന്ധി രൂക്ഷമാവാൻ കാരണമെന്ന് ആളുകൾ പറയുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )