
67പേർക്ക് ഒന്നാം റാങ്ക്! വിവാദത്തിൽ കുരുങ്ങി നീറ്റ്
- ഫലത്തിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നാരോപിച്ച് കോൺഗ്രസ് രംഗത്തെത്തി
ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷയായ നീറ്റ്-യുജിയിൽ 67 പേർക്ക് ഒന്നാം റാങ്ക് കിട്ടിയത് വൻ വിവാദത്തിൽ. അസാധാരണ റാങ്ക് കണ്ടതോടെ ഞെട്ടലിലാണ് ആളുകൾ. സാധാരണയായി ഒന്നോ രണ്ടോ പേർ മാത്രമാണ് മുഴുവൻ മാർക്കും നേടി ഒന്നാമതെത്താറുള്ളു.
അതേ സമയം പുനർമൂല്യനിർണയം ആവശ്യപ്പെട്ട് രക്ഷിതാക്കളും വിദ്യാർഥികളും വിദ്യാഭ്യാസ മന്ത്രാലയത്തിനും ദേശീയ പരീക്ഷാ ഏജൻസിക്കും (എൻടിഎ) പരാതിനൽകിയിട്ടുണ്ട് . ഉദ്യോഗാർഥികളുടെ എണ്ണത്തിലെ വർധനയും പരീക്ഷ എളുപ്പമായതുമാണ് കൂടുതൽപ്പേർക്ക് മുഴുവൻ മാർക്ക് ലഭിക്കാൻ കാരണമായതെന്നാണ് എൻടിഎയുടെ വിശദീകരണം.
കൂടാതെ 44 പേർ ഒന്നാമതെത്തിയത് ചോദ്യപ്പേപ്പറിലെ തെറ്റിനു നൽകിയ ഗ്രേസ് മാർക്ക് വഴിയാണെന്നും ഒന്നാം റാങ്ക് നേടിയ 67 പേർക്കും എയിംസിൽ പ്രവേശനം ലഭിക്കില്ലെന്നും മെറിറ്റ് കണക്കാക്കി ടൈബ്രേക്കറിൻ്റെ അടിസ്ഥാനത്തിലാകും പ്രവേശനമെന്നും ഏജൻസി അറിയിച്ചു.അതേ സമയം നീറ്റ് ഫലത്തിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നാരോപിച്ച്കോൺഗ്രസ് രംഗത്തെത്തി.