
സുരേഷ് ഗോപി കേന്ദ്രമന്ത്രി; മോദിയുടെ വിളിയെത്തി
- വകുപ്പിൽ വ്യക്തതയായില്ല
തിരുവനന്തപുരം : മൂന്നാം നരേന്ദ്ര മോദി സർക്കാരിൽ സുരേഷ് ഗോപിയുണ്ടാവുമെന്ന് റിപ്പോർട്ട്. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ഉടൻ ഡൽഹിയിലേക്കെത്താൻ നരേന്ദ്രമോദി നേരിട്ട് വിളിച്ച് നിർദ്ദേശം നൽകിയെന്ന് സുരേഷ് ഗോപി പറഞ്ഞു. തിരുവനന്തപുരത്ത് നിന്നും ബംഗ്ലൂരുവിലേക്കും അവിടെ നിന്നും കണക്ടിംഗ് ഫ്ലൈറ്റിൽ ഡൽഹിയിലേക്കും പോകാനാണ് തീരുമാനം.

കേരളത്തിൽ നിന്നുള്ള ആദ്യ ബിജെപി ലോക്സഭാ അംഗമെന്ന നിലയിൽ സുരേഷ്ഗോപി കേന്ദ്രമന്ത്രിസഭയിൽ വേണമെന്ന് കേന്ദ്ര നേതൃത്വം നേരത്തെ നിർദേശിച്ചിരുന്നു. എന്നാൽ നേരത്തെ കരാർ ഒപ്പിട്ട 4 സിനിമകൾ പൂർത്തിയാക്കാനുണ്ടെന്നും കാബിനറ്റ്
റാങ്കിൽ ചുമതലയേറ്റാൽ സിനിമകൾ മുടങ്ങുമെന്നും ബിജെപി കേന്ദ്ര
നേതൃത്വത്തെ സുരേഷ് ഗോപി അറിയിച്ചു. സിനിമകൾ പൂർത്തിയാക്കിയ ശേഷം
കേന്ദ്രമന്ത്രി സ്ഥാനം ഏറ്റെടുക്കാമെന്നാണ് സുരേഷ് ഗോപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചത് . എന്നാൽ ഇപ്പോൾ പ്രധാനമന്ത്രിയുടെ ഫോൺ കോളെത്തുകയും ഉടൻ ദില്ലിയിൽ എത്താൻ ആവശ്യപ്പെടുകയും ചെയ്തു. ബാക്കിയെല്ലാം പിന്നീട് പറയാം എന്നാണ് സുരേഷ് ഗോപി അൽപ്പം മുമ്പ് പത്രലേഖകരോട് പറഞ്ഞു .