
സേനാപതി വീണ്ടും; ഇന്ത്യൻ 2 ട്രെയിലർ എത്തി
- ജൂലൈ 12 മുതൽ ചിത്രം തിയറ്ററുകളിലെത്തും
ഇന്ത്യൻ സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം ഇന്ത്യൻ2 ട്രെയിലർ എത്തി. ഉലകനായകൻ കമൽഹാസനും ശങ്കറും ഒന്നിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ സാങ്കേതികമായി വളരെ മികച്ചു നിൽക്കുന്നു. ഒന്നാം ഭാഗത്തിൽ നെടുമുടി വേണു അവതരിപ്പിച്ച കൃഷ്ണസ്വാമി എന്ന സിബിഐ ഉദ്യോഗസ്‌ഥന്റെ കഥാപാത്രത്തെ എഐ സാങ്കേതിക വിദ്യയിലൂടെ ഇന്ത്യൻ 2ൽ കൊണ്ടുവന്നു.
സിദ്ധാർഥ്, പ്രിയ ഭവാനി ശങ്കർ, ബോബി സിംഹ, ഗുരു സോമസുന്ദരം, ഡൽഹി ഗണേഷ് എന്നിവരും ഇന്ത്യൻ 2 ൽ അണിനിരക്കുന്നു.1996-ലെ ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് ബ്ലോക്ക്ബസ്‌റ്ററടിച്ച ‘ഇന്ത്യൻ’ എന്ന ചിത്രത്തിന്റെ തുടർച്ചയാണ് ‘ഇന്ത്യൻ 2’. 1996 മെയ് 9നാണ് ‘ഇന്ത്യൻ’ റിലീസ് ചെയ്തത്. അഴിമതിക്കെതിരെ പോരാടുന്ന സ്വാതന്ത്രസമര സേനാനിയായ സേനാപതിയെന്ന വൃദ്ധന്റെ റോളിലാണ് കമൽഹാസൻ ‘ഇന്ത്യൻ’നിൽ പ്രത്യക്ഷപ്പെടുന്നത്.

ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരനും റെഡ് ജെയൻ്റ് മൂവീസും ചേർന്ന് നിർമിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം ശ്രീ ഗോകുലം ഗോപാലൻ്റെ ഉടമസ്‌ഥതയിലുള്ള ശ്രീ ഗോകുലം മൂവീസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ജൂലൈ 12 മുതൽ ചിത്രം തിയറ്ററുകളിലെത്തും.