മരണവംശം- പി.വി.ഷാജികുമാർ

മരണവംശം- പി.വി.ഷാജികുമാർ

മരണവംശം എന്ന നോവലിനെക്കുറിച്ച് അശ്വിൻ ചന്ദ്രൻ എഴുതുന്നു ✍️


ന്റെ സ്വതസിദ്ധമായ ഭാഷാശൈലികൊണ്ടും, അതിഗംഭീരമായ ക്രാഫ്റ്റുകൾ കൊണ്ടും മലയാളത്തിലെ യുവ കഥാകൃത്തുക്കൾക്കിടയിൽ വേറിട്ടൊരിടം സ്വന്തമാക്കിയ ചെറുകഥാകൃത്താണ് പി.വി ഷാജികുമാർ. മാതൃഭൂമി ബുക്സ് പുറത്തിറക്കി രണ്ടാം പതിപ്പിൽ എത്തി നിൽക്കുന്ന മരണവംശം എന്ന നോവൽ അദ്ദേഹത്തിന്റെ എഴുത്തു ജീവിതത്തിന്റെ മാറ്റ് കൂട്ടുന്നു. കാസർഗോഡിന്റെ തന്മയത്വമുള്ള ഭാഷാശൈലി കൊണ്ട് മലയാള ചെറുകഥയിൽ ഇന്ദ്രജാലങ്ങൾ സൃഷ്ടിക്കാൻ ഷാജികുമാറിന് കഴിഞ്ഞു.

വടക്കൻ കാസർഗോഡിന്റെയും കർണാടകയുടെയും തദേശീയമായ ഭാഷയും സംസ്കാരവും കഥ പറച്ചിലിലൂടെ അനസ്യൂതം കടത്തി വിട്ടുകൊണ്ട് ഇപ്പോഴിതാ മലയാളത്തിൽ ഭാഷയുടെ പുതിയൊരു കൺകെട്ട് മെനഞ്ഞെടുക്കുന്നു മരണ വംശം.” ചുഴലിക്കാറ്റിൽ പേപ്പർ കഷണം എന്ന പോലെയാണ് വടക്കൻ മലബാറിന്റെ ഭാഷ മരണ വംശത്തിലേക്ക് ഒഴുകിയെത്തുന്നത് ” എന്ന് ബെന്യാമിൻ അഭിപ്രായപ്പെട്ടത് ഇതുകൊണ്ടുതന്നെയാവാം. വ്യക്തികൾ തമ്മിലുള്ള പകയും പ്രതികാരവും, കുടുംബ വൈരാഗ്യത്തിന് വഴിവെക്കുന്നതും, പിൽക്കാലത്തത് രാഷ്ട്രീയ കൊലപാതകമെന്ന സാമൂഹിക കുറ്റകൃത്യത്തിലേക്കുള്ള ചൂണ്ടുപലകയായി മാറുന്ന ഭയാത്നകമായ ചിത്രം വരച്ചു വെക്കുന്നു ഈ നോവൽ.

പി.വി.ഷാജി കുമാർ

ഉള്ളിൽ മെനയുന്ന കഥകളിലെല്ലാം കാലിച്ചാം പൊതിയിലേക്കുള്ള ഒരു ഹാഫ് ടിക്കറ്റും കയ്യിൽ പിടിച്ചുകൊണ്ട് എഴുത്തിനിരിക്കുന്ന ഷാജികുമാർ ഭാവിയിൽ എഴുതാൻ പോകുന്ന നോവലിന്റെ പശ്ചാത്തലം സ്വാഭാവികമായും കാലിച്ചാം പൊതിയായിരിക്കുമെന്ന് വിചാരിച്ച വായനക്കാരുടെ മുൻവിധിയെ അട്ടിമറിക്കാനുള്ള ബോധപൂർവ്വമായ ശ്രമത്തിന്റെ വിജയവും കൂടിയാണ് മരണവംശം. വടക്കൻ കാസർഗോടും കർണാടകത്തിലുമായി പടർന്നു കിടക്കുന്ന ഏർക്കാനാ എന്ന ദേശത്തെയാണ് നോവലിന് പശ്ചാത്തലമായി കൊണ്ടുവന്നിരിക്കുന്നത്. പാലോർ,തുളുത്തട്ട്, പോത്താളങ്കാനം, ചാവടുക്ക, അള്ളത്തടുക, മൊത്താണിക്കാട്, ഏർപ്പ്, ഗദ്ദേമൊരട്ട്, ചോവാർ തെരുവ് തുടങ്ങി വടക്കൻ കാസർഗോഡിന്റെ വാക്കാലും വരയാലുമുള്ള ഒരു വിചിത്ര ഭൂപടം പറഞ്ഞുവെക്കാൻ നോവലിസ്റ്റിന് സാധിക്കുന്നു. 16 അധ്യായങ്ങളിലൂടെയുള്ള കഥ പറച്ചിൽ പൂരക്കളിയുടെ 16 നിറങ്ങളായാണ് ആവിഷ്കരിച്ചിരിക്കുന്നത്. നോവൽ വായിച്ചു തുടങ്ങുമ്പോൾ തന്നെ മൂന്നോ നാലോ തലമുറകളിലൂടെ കാടുകേറാനോ ഇറങ്ങാനോ ഉള്ള സാധ്യത മുൻകൂട്ടി കണ്ടതുകൊണ്ടാവണം വായിച്ചു പോകാനുള്ള വഴി ഒരു വംശാവലിയുടെ രേഖാചിത്രമായി എഴുത്തുകാരൻ തന്നെ വെട്ടിവെക്കുന്നു( ഏകാന്തതയുടെ 100 വർഷത്തിൽ ഗബ്രിയൽ ഗാർഷ്യ മാർക്കോസും വായനക്കാർക്ക് ഇത്തരമൊരു സൗജന്യം ചെയ്തു കൊടുക്കുന്നു ) .സ്വാതന്ത്ര്യ ലബ്ധിക്കു മുൻപുള്ള കാലം മുതൽ രണ്ടായിരങ്ങൾ വരെയുള്ള കാലഘട്ടത്തിലൂടെയാണ് നോവൽ കടന്നു പോകുന്നത് എന്നതുകൊണ്ടുതന്നെ, ഐക്യ കേരളത്തിന്റെ അസാന്നിധ്യം തീർത്ത വിടവ് കർണാടിക് സാംസ്കാരിക- ഭാഷ പൈതൃകത്തിന്റെയും, സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തിന്റെയും മേൽക്കോയ്മയിലൂടെ നോവലിസ്റ്റ് അതിജീവിക്കുന്നു.

തുളു, കന്നഡ എന്നിവയുടെ ഇടയ്ക്കിടെയുള്ള പോക്ക് വരവുകൾ മെനഞ്ഞെടുക്കുന്ന ഭാഷാനൈര്യന്തരത കഥാഖ്യാനത്തിൽ മലയാളത്തോടൊപ്പം തന്നെ കിടപിടിച്ചു നിൽക്കാൻ അവയ്ക്ക് ഊർജ്ജം നൽകുന്നു. കഥ പറച്ചലിനിടെ കടന്നുവരുന്ന വെള്ളാളത്തികളും, കോഴിക്കെട്ടും, പന്തമേറുമൊക്കെ ഇതേ ഭാഷ- സാംസ്കാരിക വൈവിധ്യതയുടെ തുടർച്ചയാണ്.ബാല്യകാല സുഹൃത്തുക്കളായ ചന്ദ്രന്റെയും ഭാസ്കരന്റെയും മുതിർച്ചയിൽ റാക്ക് പോലെ പതച്ചു പൊങ്ങുന്ന പ്രതികാര ദാഹത്തിന്റെ തലയെണ്ണലാണ് കഥാഖ്യാനത്തിന്റെ മേൽപ്പരപ്പെങ്കിൽ, പുനർവായനകൾ അടയാളപ്പെടുത്തുന്ന ആഴങ്ങളുടെ തെളിച്ചവും തഴക്കവും മറ്റൊന്നാണ് .ഇതേ പകപോക്കൽ തലമുറകളിലൂടെ കടത്തിവിട്ട് , പ്രതികാരത്തിന്റെ ഒരു വംശാവലി തീർക്കുകയാണ് ഇതിലെ ഓരോ കഥാപാത്രങ്ങളും. മരണമാണ് ഇവിടെ ജീവിതത്തിന്റെ ആധാരം. പരസ്പരം കൊന്നും ചത്തും തീരാൻ വേണ്ടി മാത്രം ഭൂമിയിലേക്ക് വരുന്നവരാണ് ഇവരിൽ ഭൂരിഭാഗവും. പ്രണയവും, വിരഹവും വിവാഹവും, രതിക്രീഡകളും, ചാവേറുകൾക്ക് ഭൂമിയിലേക്ക് എത്താനുള്ള വെറും ഉപാധികൾ മാത്രം. ‘ചാവിന്റെ ഉത്തരം ചാവ് തന്നെ’യെന്ന് ചന്ദ്രൻ ഓർമ്മിപ്പിക്കുന്നതും ഇതിന്റെ സാക്ഷ്യപ്പെടുത്തലാണ്. പരസ്പരം ചത്തും കൊന്നും ജീവിതത്തെ ഒഴുക്കിക്കൊണ്ടുപോകുന്ന ചന്ദ്രനും, ഭാസ്കരനും,രവിയും, രഘുവും,അരവിന്ദനും ചെയ്തുകൂട്ടുന്നതിനൊക്കെ കടപ്പത്രമായി മാറുന്നത് അവരുടെ മാത്രം ജീവിതം മാത്രമല്ല, അവർക്ക് ചുറ്റുമുള്ള വരും, ഇനി ജനിക്കാൻ പോകുന്നവർ പോലും ആ പട്ടികയിലുണ്ടാവും. പ്രത്യക്ഷത്തിൽ ഒന്നും ചെയ്യാതെ, വെറുതെ ഊമിതീയിൽ എരി യേണ്ടിവരുന്ന രാജേന്ദ്രന്റെ ജീവിതം ഇതിനൊരുത്തമ ദൃഷ്ടാന്തമാണ്. പക തീർത്തു വെക്കുന്ന പതാളക്കുഴികളിൽ ചെന്ന് വീഴുമ്പോൾ ഓരോ കഥാപാത്രങ്ങളും ഏറ്റുപിടിക്കുന്നത് വെള്ളാളത്തികൾ കോമന് നൽകുന്ന ഓർമ്മപ്പെടുത്തൽ തന്നെ.” ജാതിക്ക് ജാതി പക. നായിക്ക് നായി പക. തരൈട്ട് ബരെനൗ ഇരട്ട് ഉജ്ജിണ്ട പോവാന്ത്.. ” കൂട്ടത്തിലുള്ളവർ തന്നെ പരസ്പരം തോക്ക് ചൂണ്ടുമ്പോൾ കുഴലിനു മുന്നിലെ യൂ ഐ ആവുന്നതും ഐ യൂ ആവുന്നതും കണ്ട് കാലം അവരെ നായാടികളാക്കുന്നു.മനുഷ്യോൽപ്പത്തിയും, വ്യവസായ വിപ്ലവവും,ആധുനീക വത്കരണവും കടന്ന് യുക്തി ഭദ്രതയോടെ ജീവിക്കുന്നു എന്നവകാശപ്പെടുന്ന മനുഷ്യർക്കിടയിൽ എപ്പോൾ വേണമെങ്കിലും ഇഴഞ്ഞു കേറാൻ കെൽപ്പുള്ള പ്രാകൃത ഡ്രാക്കോണിയൻ ചിന്തധാര ഒളിഞ്ഞിരിപ്പുണ്ട് എന്ന് ഈ കഥാപാത്രങ്ങൾ വായനയുടെ ഓരോ ഘട്ടത്തിലും നമ്മെ ഓർമ്മപ്പെടുത്തുന്നു.
കഥാതന്തുവിന് മാത്രമല്ല ഇതിലെ കഥാപാത്രങ്ങൾക്കും പ്രമേയത്തിന്റെ ആഴവും പരപ്പും നിശ്ചയിക്കാൻ സാധിക്കുന്നു എന്ന വസ്തുതയെ ഇത് സാധൂകരിക്കുന്നു.
കഥാപാത്രങ്ങൾക്ക് പേരു കൊടുക്കുമ്പോൾ പോലും നോവലിസ്റ്റ് ഈ ജാഗ്രതയിൽ നിന്ന് മാറി നടന്നിട്ടില്ല. പകലിൽ ജനിച്ചവനെ ഭാസ്കരൻനെന്നും, ഇരുളിൽ ജനിച്ചവനെ ചന്ദ്രനെന്നും പറയുമ്പോൾ, കഥയുടെ വളർച്ചയിൽ അതവരുടെ പെരുമാറ്റത്തിന്റെ കൂടി ഭാഗമാകുന്നത് നമുക്ക് കാണാം.

എന്നാൽ കഥാന്ത്യത്തിൽ എത്തുമ്പോൾ പകലിൽ ജനിച്ചവനും ഇരുളിൽ ജനിച്ചവനുമൊക്കെ കണ്ണിലും തലയിലും ഇരുട്ട് കേറി പരസ്പരം തിരിപ്പാട് നഷ്ട്ടമാവുമ്പോൾ കറുപ്പും വെളുപ്പും വെറും നിറങ്ങൾ മാത്രമാണെന്നും അത് നന്മ തിന്മകളെ പ്രതിനിധാനം ചെയ്യുന്നില്ലയെന്നുമുള്ള ഒരു നിലപാട് നോവലിസ്റ്റ് വായനക്കാരനിലേക്ക് പ്രസരിപ്പിക്കുന്നു. മനുഷ്യവംശത്തിന്റെ യാഥാർത്ഥ്യങ്ങളോട് അടുത്തുനിൽക്കുന്ന ദർശനങ്ങൾ പ്രചരിപ്പിക്കാൻ ദൈവങ്ങളും കഥാഖ്യാനത്തിലേക്ക് കയറി വരുന്നു. ചെറിയ പോതിയും, കുഞ്ഞിനെ കുളിപ്പിക്കുന്ന കുളിയനും, കൊറഗച്ചനും, ചൈമറും ഇത് സാക്ഷ്യപ്പെടുത്തുന്നു. ചന്ദ്രന്റെ കൊലപാതകത്തിന്റെ തെളിവെടുപ്പിനായി ഭാസ്കരനെ പോലീസ് സംഭവസ്ഥലത്തേക്ക് കൊണ്ടുപോകുമ്പോൾ, മരത്തിന്റെ മണ്ടയിൽ ഇരുന്ന് കുളിയൻ കുഞ്ഞിനെ കുളിപ്പിക്കുന്നത് കാണാം. കുളിപ്പിച്ചു കുളിപ്പിച്ചു കുഞ്ഞിനെ ഇല്ലാതാക്കിയ കുളിയന്റെ ശീലത്തെ ചങ്ങാത്തമായി വളർന്ന് കൊടും ശത്രുതയായി പടർന്ന് പൊന്തുന്ന ചന്ദ്രന്റെയും ഭാസ്കരന്റെയും സൗഹൃദത്തിലേക്ക് കൂടി ഇറക്കിവെക്കുന്നു.

ശത്രുവിനു നേരെ കുഴൽ ചുണ്ടുമ്പോൾ പരിചയത്തിന്റെ ഈ ആഴങ്ങൾ കഥാപാത്രങ്ങളുടെ കൈവിറപ്പിക്കുന്നില്ല എന്നിടത്ത് അവർ മനുഷ്യരല്ലാതാവുകയും, ഏർക്കാന ഭൂമിയിലല്ലാത്ത ഒരിടമായി മാറുകയും ചെയ്യുന്നു.
മരിക്കാൻ വേണ്ടി മാത്രം ജീവിക്കുന്ന ഈ കഥാപാത്രങ്ങളുടെ ചിന്തയിൽ ഓരോ നിമിഷവും കടന്നുവരുന്നത് ‘ കാടട്ക്ക ബീട് ദൂരം'( മരണമടുത്തു) എന്ന കുഞ്ഞമ്മറിന്റെ ഓർമ്മപ്പെടുത്തൽ മാത്രം.

ആദ്യ വായനയിൽ ആണത്തത്തിന്റെ പ്രതികാര ദാഹമായി തോന്നിപ്പിക്കുന്ന കഥ പിന്നീടുള്ള ഓരോ വായനയിലും ശക്തമായ സ്ത്രീ സാന്നിധ്യത്തിത്തിന്റെ ഇടപെടൽ കൂടി അടയാളപ്പെടുത്തുന്നു. കുഞ്ഞമ്മാറും, ജാനകിയും, നളിനിയും, രമണിയുമൊക്കെ ഇതിന് ഉദാഹരണമാണ്. അതിൽ എടുത്ത് പറയേണ്ടത് കുഞ്ഞമ്മാറിനെ തന്നെയാണ്. മാർക്കോസിന്റെ ഏകാന്തതയുടെ നൂറു വർഷങ്ങളിലെ ഉർസുല എന്ന കഥാപാത്രമാണ് കുഞ്ഞമ്മാറിനെ വായിക്കുമ്പോൾ ഓർമ്മ വരുന്നത്. ബുവന്റിയാ കുടുംബത്തിന്റെ ഏഴു തലമുറകളുടെ വിവിധങ്ങളായ അവസ്ഥകൾ മുഴുവനായി കാണുന്ന ഏക സ്ത്രീ ഉർസുല മാത്രമാണ്. ഏഴു തലമുറകളിലും തന്റെ ഇടപെടലുകൾ അടയാളപ്പെടുത്താൻ ഉർസുലയ്ക്ക് സാധിക്കുന്നു.ഇതുതന്നെയാണ് കുഞ്ഞമ്മാറിനും സംഭവിക്കുന്നത്. തന്റെ വംശാവലിയുടെ ഓരോ തകർച്ചയ്ക്കും സാക്ഷിയാകുവാൻ കാലം കുഞ്ഞമാറിനെ ബാക്കി വെക്കുന്നു. കണ്ണിന്റെ കാഴ്ച മങ്ങി, ചത്തു കിടക്കുന്ന ഭാസ്കരന്റെ സാന്നിധ്യത്തിൽ നിൽക്കുമ്പോൾ കുഞ്ഞമാർ ഗാന്ധാരിയെ ഓർമ്മിപ്പിക്കുന്നു. എന്നാൽ ഭാസ്കരന്റെ ചാവ് കുറിച്ച നളിനിയെയോ, ജാനകിയെയോ അവർ ശപിക്കുന്നില്ല. ചത്തതും കൊന്നതും തന്റെ കുടുംബത്തിലെ അംഗങ്ങൾ തന്നെയാണ് എന്ന ബോധ്യമോ, അപാരമായ (അപകടകരമായ) മനുഷ്യപ്പറ്റിന്റെ ശേഷിപ്പുകളോ അവരെ അതിനു സമ്മതിക്കുന്നില്ല. ഇളം തലമുറകൾ കൊമ്പു കോർക്കുന്ന ഓരോ സന്ദർഭത്തിലും, അതിന് തടസ്സം നിൽക്കുന്ന വ്യക്തി കുഞ്ഞമ്മാറാവുന്നതും അതുകൊണ്ടുതന്നെയാവാം.

ചന്ദ്രനും ഭാസ്കരനും തമ്മിലുള്ള ശത്രുതയുടെ ആണിക്കല്ല് നിർഭാഗ്യവശാൽ നളിനിയാവുന്നു. ഭാസ്കരനും നളിനിയും തമ്മിലുള്ള പ്രണയബന്ധത്തെ ചന്ദ്രൻ എതിർത്തു തുടങ്ങിയതിനെ പ്രതിയാണ് തലമുറകളിലൂടെയുള്ള പ്രതികാര ദാഹത്തിന്റെ കഥ യഥാർത്ഥത്തിൽ ആരംഭിക്കുന്നത്. അവസാനം ആ കഥയ്ക്ക് ഒരുവിധമൊരു തീർപ്പുണ്ടാക്കുന്നതും നളിനി തന്നെയാണ്. ജാനകിയുടെ നിർബന്ധത്തിനു വഴങ്ങി ഭാസ്കരന്റെ ജീവനെടുക്കേണ്ടി വരുമ്പോൾ ഭാസ്കരൻ( സൂര്യൻ ), നളിനി(താമര )എന്നീ പേരുകളിലുള്ള ഒരു പ്രണയബന്ധങ്ങളും മലയാളത്തിൽ പൂവണിഞ്ഞിട്ടില്ല എന്ന് എഴുത്തുകാരൻ ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുന്നു ( കുമാരനാശാന്റെ ‘നളിനി’യിലും നളിനി ദിവാകര ( താമര, സൂര്യൻ )സംഗമം സാധ്യമാകുന്നില്ല എന്ന ദുഷ്ടാന്തം നമുക്ക് മുന്നിലുണ്ട്. ) അരവിന്ദൻ സായുധ സഖ്യമായി പോയിട്ട് പോലും ചാവുകുറിക്കാനാവാത്ത ഭാസ്കരന് മരണം പകരുന്നത് നളിനിയാണ് എന്നത് ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ്. ആണിന്റെ കരുത്തിനെക്കാളും ഒട്ടും പിന്നോട്ടല്ല പെണ്ണിന്റെ കരുത്ത് എന്നവൾ പരോക്ഷമായെങ്കിലും തെളിയിക്കുന്നു .

നോവലിന്റെ കഥാഖ്യാനം ഒരു ബൂമാറാങ്ങ് പോലെയാണ് എന്ന് തോന്നിപ്പിച്ച കഥാപാത്രമാണ് രമണി. അവൾ തന്നെ തുടങ്ങുന്ന കഥ അവസാനിക്കുന്നതും അവളിൽ തന്നെയാണ്.ഇങ്ങനെ പടർന്നും പന്തലിച്ചും, ഉയർന്നും ഒടുങ്ങിയും തുടർന്നുകൊണ്ടിരിക്കുന്ന പ്രതികാരത്തിന്റെ ഒരു മർക്കട മുഷ്ടി വായനക്കാരിലേക്ക് ചുരുട്ടിപ്പിടിച്ചുകൊണ്ടാണ് ഷാജികുമാർ നോവൽ അവസാനിപ്പിക്കുന്നത്. കഥാന്ത്യത്തിൽ ഈ നോവൽ ഒരു നോവലായി( വേദന) തോന്നാത്തവർ ചുരുക്കമായിരിക്കും. അത്രമാത്രം ഇതിലെ കഥാപാത്രങ്ങൾ വായനക്കാരന്റെ മാനസികാവസ്ഥയോട് പൊരുത്തപ്പെട്ട് പോകുന്നു.

നോവൽ വായിച്ച് അവസാനിപ്പിക്കുമ്പോൾ മലയാളം വാരികയിൽ പ്രസിദ്ധകരിച്ചു വന്ന പി. വി. ഷാജികുമാർ /എസ്. കലേഷ് അഭിമുഖമാണ് ഓർമ്മ വന്നത് ( പിൽക്കാലത്ത് അത് ‘ ഇതാ ഇന്ന് മുതൽ ഇതാ ഇന്നലെ വരെ ‘ എന്ന ഓർമ്മ പുസ്തകത്തിൽ അനുബന്ധമായി ഉൾപ്പെടുത്തി) ആഭിമുഖം അവസാനിക്കുന്നത് ഷാജി കുമാർ രസകരമായ ഒരു മറുപടിയിലൂടെയാണ്.
” ഒരുപാട് കഥകൾ, നോവലുകൾ ഒക്കെയുണ്ട് മനസ്സിൽ. അതൊക്കെ എഴുതി തീർക്കണമെന്നൊക്കെയുണ്ട്. പക്ഷേ മടി അടിസ്ഥാന സ്വഭാവമായതുകൊണ്ട് ഒന്നും ചെയ്യാൻ തോന്നുന്നില്ല. മടിയന്മാരുടെ പ്രത്യായ ശാസ്ത്രത്തിൽ പറയുന്നത് മടിയന്മാരാണ് ലോകത്തിലെ ഏറ്റവും സ്ട്രോങ്ങസ്റ്റായിട്ടുള്ള മനുഷ്യൻ എന്നാണ്. അവർ ഒരു മലയെ ഒന്നാകെ ചുമലിൽ ഏറ്റുന്നുണ്ടല്ലോ. ലോകത്തിൽ ബലവാന്മാരായ മനുഷ്യരുടെ കൂട്ടത്തിൽ ഞാനും ഉൾപ്പെട്ടതിന്റെ സന്തോഷത്തിൽ ഇങ്ങനെയിരിക്കുന്നു, നടക്കുന്നു , ഉറങ്ങുന്നു , സ്വപ്നം കാണുന്നു .. “
ഒരു മടിയൻ എഴുതിയ മരണവംശം ഇത്ര ശക്തമാണെങ്കിൽ, ഷാജികുമാർ എനിക്കും നിങ്ങളുടെ പാത പിൻതുടരാനാണ് ഇഷ്ടം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )