
രാജ്യത്ത് വീണ്ടും ഒന്നാമതെത്തി കേരളം; തിളക്കം കൂട്ടി കുടുംബശ്രീ
- തുടർച്ചയായി 7 തവണ സ്പാർക്ക് റാങ്കിംഗിൽ അംഗീകാരം നേടുന്ന ആദ്യ സംസ്ഥാനമായും കേരളം മാറി
തിരുവനന്തപുരം: കേരളം രാജ്യത്ത് വീണ്ടും ഒന്നാമതെത്തി, കൂടെ കുടുംബശ്രീയും. കേന്ദ്രാവിഷ്കൃത പദ്ധതിയായ ദീൻ ദയാൽ അന്ത്യോദയ യോജന-ദേശീയ നഗര ഉപജീവന ദൗത്യം (ഡിഎവൈ-എൻയുഎൽഎം ) സംസ്ഥാനത്ത് മികച്ച രീതിയിൽ നടപ്പിലാക്കിയതിനാണ് കേരളത്തിന് വീണ്ടും ദേശീയ തലത്തിൽ അംഗീകാരം ലഭിച്ചത്. അതേ സമയം കുടുംബശ്രീയിലൂടെ തുടർച്ചയായി ഏഴ് തവണ സ്പാർക്ക് റാങ്കിംഗിൽ അംഗീകാരം നേടുന്ന ആദ്യ സംസ്ഥാനമായും കേരളം മാറി.
പദ്ധതി നടപ്പാക്കുന്ന സംസ്ഥാനങ്ങൾക്കുള്ള 2023-24 ലെ ‘സ്പാർക്ക്’ (സിസ്റ്റമാറ്റിക് പ്രോഗ്രസീവ് അനലിറ്റിക്കൽ റിയൽ ടൈം റാങ്കിംഗ്) റാങ്കിംഗിൽ കേരളം ഒന്നാം സ്ഥാനത്താണ്. ഇതോടെ തുടർച്ചയായി ഏഴ് തവണ സ്പാർക്ക് അവാർഡ് നേടുന്ന ഏക സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. എൻയുഎൽഎം പ്രോജക്ട് നടപ്പിലാക്കുന്നതിനുള്ള നോഡൽ ഏജൻസിയാണ് കുടുംബശ്രീ.

മികച്ച വികസന പങ്കാളി വിഭാഗത്തിൽ കുടുംബശ്രീ അക്കൗണ്ടിങ് ആൻഡ് ഓഡിറ്റിങ് സർവീസ് സൊസൈറ്റി (കെഎഎഎസ്എസ്) രണ്ടാം സ്ഥാനം നേടി.
കേരള സർക്കാർ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് ഐഎഎസ്, ബീന ഇ, മേഘ്ന എസ് എന്നിവർക്ക് കേന്ദ്ര ഭവന, നഗരകാര്യ, ഊർജ മന്ത്രി എം.അനോഹർ ലാൽ ഖട്ടർ സ്പാർക്ക് അവാർഡ് സമ്മാനിച്ചു .
ഇന്നലെ ഡൽഹിയിലെ ഇന്ത്യാ ഹാബിറ്റാറ്റ് സെൻ്ററിൽ നടന്ന ചടങ്ങിൽ കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ മികച്ച വികസന പങ്കാളി വിഭാഗത്തിനുള്ള അവാർഡ് മന്ത്രിയിൽ നിന്ന് സോണിയ ജെയിംസ്, ഷിജി മാത്തർ, കെഎഎഎസ്എസ് ടീം പ്രതിനിധികൾ, കുടുംബശ്രീ സംസ്ഥാന പ്രോഗ്രാം മാനേജർ ബീന എന്നിവർ ഏറ്റുവാങ്ങി. സ്പാർക് റാങ്കിംഗിൽ ഉത്തർപ്രദേശും രാജസ്ഥാനും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.