യുഗപുരുഷൻ                                                         മഹാത്മ അയ്യങ്കാളി ജയന്തി ഇന്ന്

യുഗപുരുഷൻ മഹാത്മ അയ്യങ്കാളി ജയന്തി ഇന്ന്

അഞ്ജുനാരായണൻ എഴുതുന്നു✍🏽

  • “ഞങ്ങളുടെ കുഞ്ഞുങ്ങളെ പള്ളിക്കൂടങ്ങളിൽ പ്രവേശിപ്പിച്ചില്ലെങ്കിൽ കാണായ പാടങ്ങളിലെല്ലാം ഞങ്ങൾ മുട്ടപ്പുല്ല് കുരുപ്പിക്കും”-അയ്യങ്കാളി

വിഷത്തോളം ഒരു നാടിനെ കാർന്നു തിന്ന ജാതി വേരിനെ പിഴുതെറിയാൻ പിറവിയെടുത്ത യുഗപുരുഷൻ. കാലത്തിന്റെ കാവ്യനീതിപോലെ തന്റെ ശൈലിയിൽ പോരാടിയ പോരാളിയുടെ ജന്മ ദിനമാണ് ഇന്ന്.

ഒരുകാലത്ത് ജാതിവെറിയാൽ കേരളം കുനിഞ്ഞു നിന്നപ്പോൾ സമത്വമെന്ന പാതയിലേക്ക് ഓരോ കരങ്ങളെയും പിടിച്ചുയർത്തിയ വിപ്ലവകാരി.
വിദ്യയെന്നത് ജാതി-മത ചിന്തകൾക്കപ്പുറം വേറിട്ട പാതയാണെന്നും അത് നവീകരണ മുറയാണെന്നും അയ്യങ്കാളി ഓർമിപ്പിച്ചു. സമൂഹത്തിന്റെ പാതയിലേക്ക് വെളിച്ചം പകർന്ന 161-ാംമത് ജന്മദിനമാണ് ഇന്ന്. 1863 ഓഗസ്റ്റ് 28ന് തിരുവനന്തപുരത്ത് വെങ്ങാനൂരിൽ പെരുങ്കാറ്റു വിളയിലെ പ്ലാവറ വീട്ടിൽ അയ്യന്റെയും മാലയുടെയും മകനായാണ് അയ്യങ്കാളി ജനിച്ചത്.താനും ഉൾപ്പെടുന്ന പുലയ സമുദായം നേരിട്ട ദുരിതങ്ങൾ കണ്മുന്നിൽ കണ്ടാണ് അയ്യങ്കാളി ജീവിതം തുടങ്ങിയത്.താനും ഉൾപ്പെടുന്ന സമൂഹത്തോട് സമൂഹം കാണിച്ച നെറികേടുകൾ അവന് പണ്ട് തന്നെ പ്രതികരിക്കാനുള്ള ശക്തി പകർന്നു നൽകി കാണണം. തന്റെ സമൂഹത്തിന് ഏറ്റ ദുരിതങ്ങൾ കണ്ടുമടുത്ത അയ്യങ്കാളി പോരാട്ട ഭൂമികയിലേക്ക് നേരിട്ടിറങ്ങി. നിലവും ഭക്ഷണവും വിദ്യാഭ്യാസവും എല്ലാം തങ്ങളുടെ അവകാശമാണെന്നും അത് നേടുക പോരാട്ടത്തിലൂടെയാണെന്നും അയ്യങ്കാളി കാണിച്ചു തന്നു.വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അത് നേടേണ്ടതിന്റെ ആവിശ്യത്തെക്കുറിച്ചും സമൂഹത്തിലെ നാനാതുറകളിലെ ജനങ്ങളുടെയും അവകാശമാണതെന്നും അടിവരയിട്ടുപറയാൻ ആ മാർഗദർശിയ്ക്ക് കഴിഞ്ഞു.

അങ്ങനെ വെളിച്ചം വീശാൻ തുടങ്ങി 1904-ൽ വെങ്ങാനൂരിൽ ദളിതരുടെ ആദ്യത്തെ പള്ളിക്കൂടം അയ്യങ്കാളി സ്ഥാപിച്ചു. പക്ഷെ മുളയിലേ നുള്ളുക എന്ന തന്ത്രം പ്രയോഗിച്ചു കൊണ്ട് സവർണ്ണർ അത് അന്ന് തന്നെ ചുട്ടെരിച്ചതോടെ അതിശക്തമായി പ്രതിരോധിക്കാൻ അദ്ദേഹം കൃഷിഭൂമി തരിശിടൽ സമരത്തെ ആളികത്തിച്ചു. ഭൂമി തരിശിടൽ സമരത്തിന്റെ ഒത്തുതീർപ്പു വ്യവസ്ഥയുടെ ഭാഗമായി 1907ൽ പുലയക്കുട്ടികൾക്ക് പള്ളിക്കൂടത്തിൽ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങിയിരുന്നുവെങ്കിലും വീണ്ടും പോരാടേണ്ടി വന്നു അവർക്ക് അക്ഷരം കൈകളിലെത്താൻ.
അയിത്തജാതികളിൽപ്പെട്ട കുട്ടികളുടെ പള്ളിക്കൂട പ്രവേശനനിയമം അധികൃതർ കർശനമായി പാലിക്കണമെന്ന് വിദ്യാഭ്യാസ മേധാവി നിർദേശിച്ചതോടെ ഒതന്നൂര്‍ക്കോണോത്ത് പരമേശ്വരന്റെ മകള്‍ എട്ടുവയസ്സുകാരി പഞ്ചമിയെയും ഒരു വയസ്സിളപ്പമുള്ള കൊച്ചുകുട്ടിയെയും കൂട്ടി അയ്യങ്കാളിയും സംഘവും നെയ്യാറ്റിന്‍കര ഊരൂട്ടമ്പലം പള്ളിക്കൂടത്തിലെത്തി. കുട്ടിയെ സ്‌കൂളിൽ പ്രവേശിപ്പിക്കാൻ ഹെഡ്മാസ്റ്റര്‍ അനുവദില്ലെങ്കിലും ഇത് അവഗണിച്ച്‌ അദ്ദേഹം പഞ്ചമിയെ ക്ലാസില്‍കൊണ്ടിരുത്തി. അങ്ങനെ ചരിത്രം എഴുതപെട്ടു. പക്ഷെ അന്ന് രാത്രി തന്നെ ഊരൂട്ടമ്പലം പള്ളിക്കൂടം സവർണ്ണർ അഗ്നിയ്ക്ക് ഇരയാക്കി. അഗ്നിയിലും തളരാതെ വീണ്ടും ആളി അയിത്തത്തിനെതിരെ പോരാടാൻ അയ്യങ്കാളി വീണ്ടുമിറങ്ങി. അയിത്തജാതിക്കാർക്കായി പ്രത്യേക പള്ളിക്കൂടം എന്നൊരാശയം അദ്ദേഹത്തിന്റെ മനസിൽ തെളിഞ്ഞത് അപ്പോഴാണ്.ഇക്കാര്യം മിച്ചൽ സായിപ്പിനോട് അവതരിപ്പിച്ചതിന് ശേഷം 1914-ൽ വെങ്ങാനൂർ പുതുവൽവിളാകത്തു മലയാളം പള്ളിക്കൂടം അനുവദിച്ചുകൊണ്ടു സർക്കാർ ഉത്തരവ് പുതിയ പുറപ്പെടുവിക്കുകയുണ്ടായി.

ചരിത്രത്തിലെ വില്ലുവണ്ടി സമരം

അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന ഐതിഹാസിക പ്രക്ഷോഭമായിരുന്നു വില്ലുവണ്ടി സമരം. അവർണ്ണർക്കും പൊതുവഴിയിലൂടെ വാഹനങ്ങളുമായി പോകാൻ അധികാരം നൽകിയെങ്കിലും പ്രമാണിമാർ അന്നത് നടപ്പാക്കാൻ സമ്മതം മൂളിയില്ല.എന്നാല്‍ രണ്ടു വെള്ളക്കാളകളെ കെട്ടിയ വില്ലുവണ്ടി വിലയ്ക്കുവാങ്ങി തലയിൽ വട്ടക്കെട്ടും അരക്കയ്യൻ ബനിയനും മേൽമുണ്ടും കാൽവിരൽവരെ നീണ്ടുകിടക്കുന്ന വെള്ളമുണ്ടും ധരിച്ച് വെങ്ങാനൂരില്‍ നിന്ന് കവടിയാര്‍ കൊട്ടാരത്തിലേക്ക് അയ്യങ്കാളി കുതിച്ചപ്പോൾ അത് ചരിത്രത്തിലേക്ക് എഴുതപ്പെടുന്ന പുതിയ ഒരു ഏടായി തീർന്നു.

സ്ത്രീസുരക്ഷയും അയ്യങ്കാളിയും

ജാതി വെറിയും അടിമത്തവും കൂടെ സ്ത്രീകളും അക്കാലത്ത് വലിയ ദുരിതം നേരിട്ടിരുന്നു. മാറുമറയ്ക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ടവരായിരുന്നു അന്നത്തെ സ്ത്രീ സമൂഹം.സ്ത്രീകളിൽ നിന്നും തലക്കരവും മുലക്കരവും അടക്കമുള്ളവ ഈടാക്കണമെന്നുമുള്ള ശാസനകള്‍ പോലും കൊടികുത്തി വാഴുന്ന ഇരുണ്ട കാലം. തന്റെ ജാതിയിലുള്ള സ്ത്രീകൾ മുലക്കച്ചയണിഞ്ഞു നടക്കാൻ അദ്ദേഹം ആഹ്വാനം നൽകി. അടിമത്തത്തിന്റെ അടയാള ചിഹ്നമായിരുന്ന കഴുത്തിലെ കല്ലും മാലയും കാതിലെ ഇരുമ്പുവളയങ്ങളും വലിച്ചെറിയാൻ അദ്ദേഹം സ്ത്രീകളോട് ആഹ്വാനം ചെയ്തു .1915 ഡിസംബർ 10ന് കൊല്ലത്തെ പെരിനാട്ടിൽ സ്ത്രീകൾ കല്ലുമാല പൊട്ടിച്ചെറിഞ്ഞ് പ്രതിഷേധിച്ചു.

കേരളം കണ്ട സാമൂഹിക പരിഷ്കാർത്താവിന്റെ അവസാന നാളുകൾ കാൻസറിന് അടിമപ്പെട്ടിരുന്നു. 1941 ജൂൺ 18-ാം തിയതി അയ്യങ്കാളി അന്തരിച്ചു. കേരളത്തിന്റെ ജാതി വേരുകളെ അടർത്തി മാറ്റികൊണ്ട് പുതിയ പാത വെട്ടി തുറന്ന് സമൂഹത്തിലെ കറകളെ ശുദ്ധീകരിച്ചുകൊണ്ട് അദ്ദേഹം വെട്ടിയ പാത ഇന്നും അനശ്വരമാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )