
ടി20 ലോകകപ്പ്: അഫ്ഗാൻ കുത്തിപ്പിന് വിരാമം; ദക്ഷിണാഫ്രിക്ക ഫൈനലിൽ
- അഫ്ഗാൻ കയ്യടി നേടിയാണ് മടങ്ങുന്നത്
ട്രിനിഡാഡ്: ടി20 ലോകപ്പ് ഫൈനലിലെത്തി ദക്ഷിണാഫ്രിക്ക. സെമിയിൽ അഫ്ഗാനിസ്താനെ ഒമ്പത് വിക്കറ്റിന് തോൽപ്പിച്ചാണ് ദക്ഷിണാഫ്രിക്ക ജയം നേടിയത് . ആദ്യ ബാറ്റ് ചെയ്ത അഫ്ഗാനെ 56 റൺസിന് ഓൾഔട്ടാക്കിയ എയ്‌ഡൻ മാർക്രവും സംഘവും അനായാസം ലക്ഷ്യത്തിലെത്തി. 8.5 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ടീം ലക്ഷ്യത്തിലെത്തി.ലോകകപ്പിൽ ആദ്യമായാണ് ദക്ഷിണാഫ്രിക്ക ഫൈനലിലെത്തുന്നത്.
കലാശപ്പോരിലെത്താനായില്ലെങ്കിലും ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച അഫ്ഗാൻ കയ്യടി നേടിയാണ് മടങ്ങുന്നത്.57 റൺസെന്ന ചെറിയ വിജയലക്ഷ്യമെങ്കിലും അഫ്‌ഗാൻ പൊരുതാനുറച്ചാണ് മൈതാനത്തിറങ്ങിയത്. നവീൻ ഉൾ ഹഖ് എറിഞ്ഞ ആദ്യ ഓവറിൽ ഒരു റൺ മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് നേടാനായത്. പിന്നാലെ ടീം അഞ്ചിൽ നിൽക്കേ ആദ്യ വിക്കറ്റും നഷ്‌ടമായി. ക്വിന്റൺ ഡി കോക്കിനെ ഫസൽഹഖ് ഫറൂഖി ബൗൾഡാക്കി. എട്ട് പന്തിൽ നിന്ന് അഞ്ച് റൺസാണ് ഡി കോക്കെടുത്തത്. അതിനിടെ നവീൻ ഉൾ ഹഖ് എറിഞ്ഞ മൂന്നാം ഓവറിൽ മാർക്രത്തിന്റെ വിക്കറ്റിനുള്ള അവസരം റിവ്യൂ നൽകാത്തതുമൂലം അഫ്ഗാൻ നഷ്ടപ്പെടുത്തി. മാർക്രത്തിന്റെ ബാറ്റിലുരസിയാണ് പന്ത് കടന്നുപോയത്. പിന്നാലെ വിക്കറ്റ് കീപ്പർ ഗുർബാസ് കൈപ്പിടിലാക്കി. എന്നാൽ അഫ്ഗാൻ റിവ്യൂ നൽകിയില്ല. റീപ്ലേകളിൽ പന്ത് ബാറ്റിലുരസിയിരുന്നെന്ന് വ്യക്തമായിരുന്നു.പിന്നാലെ റീസ ഹെൻഡ്രിക്‌സും എയ്ഡൻ മാർക്രവും ക്രീസിൽ നിലയുറപ്പിച്ച് ബാറ്റേന്തി. അതോടെ അഫ്ഗാന്റെ പ്രതീക്ഷകൾ അസ്തമിച്ചു. 8.5 ഓവറിൽ വിജയതീരത്തെത്തി.റീസ ഹെൻഡ്രിക്സ് 25 പന്തിൽ നിന്ന് 29 റൺസെടുത്തപ്പോൾ മാർക്രം 21 പന്തിൽ നിന്ന് 23 റൺസെടുത്തു.

നേരത്തേ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്റെ തുടക്കം തകർച്ചയോടെയായിരുന്നു. ടീം സ്കോർ നാലിൽ നിൽക്കുമ്പോൾ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. റഹ്മാനുള്ള ഗുർബാസിനെ മാർകോ യാൻസൻ പുറത്താക്കി. മൂന്ന് പന്ത് നേരിട്ട താരത്തിന് റണ്ണൊന്നുമെടുക്കാനായില്ല. പിന്നാലെ ഗുൽബാദിൻ നയ്ബിനേയും യാൻസൻ മടക്കി. എട്ട് പന്തിൽ നിന്ന് ഒമ്പത് റൺസാണ് നയ്ബിൻ്റെ സമ്പാദ്യം. അഫ്ഗാൻ ബാറ്റർമാർ നിരനിരയായി കൂടാരം കയറുന്നതാണ് ബ്രയാൻ ലാറ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പിന്നീട് കണ്ടത്. ഇബ്രാഹിം സദ്രാൻ(2), മുഹമ്മദ് നബി(0), നങയാലിയ ഖരോട്ടെ(2) എന്നിവർ നിരാശപ്പെടുത്തി.
ചെറുത്തുനിൽക്കാൻ ശ്രമിച്ച അസ്മത്തുള്ള ഒമർസായിയും മടങ്ങിയതോടെ അഫ്ഗാൻ തീർത്തും പ്രതിസന്ധിയിലായി. 12 പന്തിൽ നിന്ന് 10 റൺസാണ് താരത്തിൻ്റെ സമ്പാദ്യം. അഫ്ഗാൻ 28-6 എന്ന നിലയിലേക്ക് വീണു.എന്നാൽ കരിം ജാനത്തും റാഷിദ് ഖാനും പതിയെ അഫ്ഗാൻ സ്കോറുയർത്തി. ശ്രദ്ധയോടെ ദക്ഷിണാഫ്രിക്കൻ ബൗളർമാരെ നേരിട്ട ഇരുവരും ചേർന്ന് ടീം സ്കോർ 50 ലെത്തിച്ചു. പത്താം ഓവർ എറിയാനെത്തി തബ്രൈസ് ഷംസി അഫ്ഗാന് വീണ്ടും പ്രഹരമേൽപ്പിച്ചു. ഓവറിൽ കരിം ജാനത്തിനേയും (8) പിന്നാലെയിറങ്ങിയ നൂർ അഹമ്മദിനേയും(0) താരം മടക്കി. റാഷിദ് ഖാനും (8) പുറത്തായതോടെ അഫ്ഗാൻ 50-9 എന്ന നിലയിലായി. പിന്നാലെ 56 റൺസിന് അഫ്ഗാൻ ഇന്നിങ്സ് അവസാനിച്ചു.ദക്ഷിണാഫ്രിക്കയ്ക്കായി മാർക്കോ യാൻസനും ഷംസിയും മൂന്ന് വിക്കറ്റെടുത്തു.