
അർജുനായുള്ള തിരച്ചിൽ പുനരാരംഭിച്ചു
- കരയിലും പുഴയിലും തിരച്ചിൽ നടത്തും
- രക്ഷപ്രവർത്തനത്തിന് ഉപകരണങ്ങൾ ഇല്ലെന്ന് രഞ്ജിത്ത് ഇസ്രായേൽ
അങ്കോല (കർണാടക):ഷിരൂരിൽ മണ്ണിനടിയിൽപ്പെട്ട കണ്ണാടിക്കൽ സ്വദേശി അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ ഏഴാം ദിവസത്തിലേക്ക്. അപകടമുണ്ടായി ഒരാഴ്ചയായിട്ടും അർജുന്റെ ലോറിയോ അർജുനെയോ ഇതുവരെ കണ്ടെത്താനാകാത്ത പ്രതിസന്ധി മാറി ഇന്ന് കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് കേരളക്കര മുഴുവൻ.
അതേസമയം ജിപിഎസ് സിഗ്നൽ പിന്തുടർന്ന് മണ്ണിനടയിൽ നടത്തിയ തിരച്ചിലിൽ അർജുനെ കണ്ടെത്താനാകാതെ വന്നതോടെ ഇനിയുള്ള തിരച്ചിൽ ഗംഗാവലി പുഴയിൽ നടത്തുമെന്ന് കർണാടക അധികൃതർ ഇന്നലെ അറിയിച്ചിരുന്നു. രക്ഷപ്രവർത്തനത്തിന് ആവിശ്യമായ ഉപകരണങ്ങൾ ഇല്ലെന്ന് രക്ഷപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന രഞ്ജിത്ത് ഇസ്രായേൽ ആരോപിച്ചു. ഇന്ന് കര, നാവിക സേനകളും എൻഡിആർഎഫും സംയുക്തമായാണ് തിരച്ചിൽ നടത്താനായി സംഭവസ്ഥലത്ത് എത്തിയിരിക്കുന്നത്. എന്നാൽ പുഴയിലെ ശക്തമായ വെള്ളം തിരച്ചിലിന് പ്രതിസന്ധിക്ക് വഴി വെക്കുന്നുണ്ട്. പുഴയ്ക്ക് നാൽപത് അടിയോളം ആഴമുണ്ടെന്നാണ് കരുതുന്നത്. ഇത്രയും ആഴത്തിൽ മൺകൂന പുഴയിലുണ്ടെന്നാണ് വിലയിരുത്തൽ. പ്രാദേശത്ത് കനത്ത മഴ തുടരുകയാണ്.
ഈ മാസം 16-ന് രാവിലെ കർണാടക- ഗോവ അതിർത്തിയിലൂടെ കടന്നുപോകുന്ന പൻവേൽ – കന്യാകുമാരി ദേശീയ പാതയിലായിരുന്നു കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ (30) അപകടത്തിൽപ്പെട്ടത്. മണ്ണിടിച്ചിലിൽ ദേശീയപാതയിലെ ചായക്കടയുടമയടക്കം 10 പേർ മരിച്ച സ്ഥലത്താണ് ലോറിയുടെ ജിപിഎസ് ലൊക്കേഷൻ അവസാനമായി കണ്ടെത്തിയത്.