
അർജുന് വേണ്ടിയുള്ള തിരച്ചിലിന് വെല്ലുവിളിയായി കനത്ത മഴ
- സൈന്യത്തിന്റെ അറുപതംഗ സംഘം ദുരന്തസ്ഥലത്തേക്ക് ഉടൻ എത്തും
ബെംഗളൂരു: ഷിരൂരിൽ മണ്ണിടിഞ്ഞു കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിലിന് വെല്ലുവിളിയായി പ്രദേശത്ത് കനത്ത മഴ. ഇന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചപ്പോൾ കനത്ത മഴ തുടരുകയാണ്. അതേസമയം ബെലഗാവിയിൽനിന്നുള്ള സൈന്യത്തിന്റെ അറുപതംഗ സംഘം ദുരന്തസ്ഥലത്തേക്ക് പത്തുമണിയോടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്
ആറാംദിവസം രക്ഷാപ്രവർത്തനം ഊർജിതമായി തുടരുന്നതിനിടെയാണ് മഴ പെയ്യുന്നത്.
രക്ഷാപ്രവർത്തനത്തിന് കൂടുതൽ സംവിധാനങ്ങൾ എത്തിച്ചിട്ടുണ്ട്. കഴിഞ്ഞദിവസങ്ങളേക്കാൾ കൂടുതൽ ടിപ്പർ ലോറികളും പ്രദേശത്തുണ്ട്. മണ്ണ് പുറത്തേക്ക് കൊണ്ടുപോകാൻ പത്തിലധികം ലോറികളാണുള്ളത്. രണ്ടോ മൂന്നോ ലോറികൾ മാത്രമായിരുന്നു ശനിയാഴ്ച ഉണ്ടായിരുന്നത്. കൂടുതൽ വാഹനങ്ങൾ എത്തിയതോടെ മണ്ണുമാറ്റുന്ന പ്രവൃത്തികൾ വേഗത്തിലായി.
ജിപിആർ സിഗ്നൽ കണ്ടെത്തിയ സ്ഥലത്താണ് ഇപ്പോൾ പരിശോധന നടക്കുന്നത്. കനത്തമഴയെ തുടർന്നായിരുന്നു ശനിയാഴ് രാത്രി പത്തുമണി വരെ തുടരേണ്ടിയിരുന്ന തിരച്ചിൽ രാത്രി എട്ടരയോടെ നിർത്തിവെച്ചത്.