
ഇറാന്റെ പക്കൽ കൂറ്റൻ ബാലിസ്റ്റിക് മിസൈലുകൾ അവശേഷിക്കുന്നുണ്ടെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്
- യുദ്ധത്തിൽ കനത്ത നാശനഷ്ടങ്ങൾ നേരിട്ടിട്ടും ആയിരത്തിലധികം ബാലിസ്റ്റിക് മിസൈലുകൾ അവശേഷിക്കുന്നുണ്ടെന്നാണ് വിവരം
വാഷിങ്ടൺ: പശ്ചിമേഷ്യൻ യുദ്ധത്തിൽ വെടിനിർത്തൽ ചർച്ചകൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നതിനിടെ ഇറാന്റെ പക്കൽ കൂറ്റൻ ബാലിസ്റ്റിക് മിസൈലുകൾ അവശേഷിക്കുന്നുണ്ടെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. യുദ്ധത്തിൽ കനത്ത നാശനഷ്ടങ്ങൾ നേരിട്ടിട്ടും ആയിരത്തിലധികം ബാലിസ്റ്റിക് മിസൈലുകൾ അവശേഷിക്കുന്നുണ്ടെന്നാണ് വിവരം. ഭൂഗർഭ അറകളിൽ ശേഖരിച്ചുവെച്ചിരിക്കുന്ന മിസൈലുകൾ പുറത്തെടുക്കുന്നതിലൂടെ ഇറാന്, അതിശക്തമായ ആക്രമണങ്ങൾ നടത്താനാകുമെന്ന് യുഎസ് രഹസ്യാന്വേഷണ ഏജൻസികളെ ഉദ്ദരിച്ച് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.യുഎസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ നൽകിയ വിവരങ്ങൾ പ്രകാരം, ഇറാന്റെ മിസൈൽ ലോഞ്ചറുകളിൽ പകുതിയും നശിപ്പിച്ചിട്ടുണ്ടെങ്കിലും അവയുടെ കേടുപാടുകൾ പരിഹരിച്ച് വീണ്ടും ആക്രമണത്തിന് തയ്യാറാക്കാനാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

യുദ്ധമാരംഭിക്കുന്നതിന് മുൻപുണ്ടായിരുന്ന മിസൈൽ ശേഖരത്തിന്റെ പകുതിയോളം ആയുധങ്ങൾ ഇറാന്റെ കയ്യിൽ അവശേഷിക്കുന്നുണ്ടെന്ന് യുഎസ്-ഇസ്രായേൽ ഉദ്യോഗസ്ഥവൃന്ദം നേരത്തെ വ്യക്തമാക്കിയിരുന്നു.
താൽക്കാലിക വെടിനിർത്തൽ പ്രാബല്യത്തിലെത്തിയിരിക്കുന്ന നിലവിലെ സാഹചര്യത്തിൽ, മിസൈലുകളുടെ തകരാറുകൾ പരിഹരിച്ച് ഇറാൻ യുദ്ധം പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണോയെന്ന ആശങ്കയിലാണ് യുഎസ് അധികൃതരെന്നാണ് റിപ്പോർട്ട്. ശേഷിക്കുന്ന മിസൈലുകൾ ഉപയോഗപ്പെടുത്തി ഏത് നിമിഷവും ഇറാന് പ്രത്യാക്രമണം നടത്താനാകുമെന്നും റിപ്പോർട്ടുകളുണ്ട്.
