എ പി ജെ പ്രചോദനത്തിന്റെ പ്രതീകം നെല്ലിയോട്ട് ബഷീർ

എ പി ജെ പ്രചോദനത്തിന്റെ പ്രതീകം നെല്ലിയോട്ട് ബഷീർ

വിദ്യാർത്ഥികളുടെ മനസ്സിൽ സ്വപ്നം നട്ടു വളർത്തി അതിനെ യാഥാർത്ഥ്യമാക്കാൻ പ്രചോദിപ്പിച്ച മനുഷ്യനെ ഓർമപ്പെടുത്തേണ്ടതില്ലല്ലോ? ഇന്ന് ലോക വിദ്യാർത്ഥി ദിനം,ഓരോ വർഷവും ഒക്ടോബർ 15-ന് നാം ഈ ദിനം ആഘോഷിക്കുന്നു.ശാസ്ത്രജ്ഞനും അധ്യാപകനുമായ ഡോ എ.പി.ജെ. അബ്ദുൾ കലാമിന്റെ ജന്മദിനമാണ് ലോക വിദ്യാർത്ഥി ദിനമായി ആചരിക്കുന്നത്.അദ്ദേഹത്തിന്റെ ജീവിതം വിദ്യാർത്ഥികൾക്കുള്ള പ്രചോദനത്തിന്റെ പ്രതീകമായി മാറിയതിനാലാണ് ഈ ദിവസം ലോക വിദ്യാർത്ഥി ദിനമായി പ്രഖ്യാപിച്ചത്.വിദ്യാർത്ഥി ജീവിതം മനുഷ്യന്റെ വളർച്ചയുടെ അടിസ്ഥാനം കൂടിയാണ്.പഠനമെന്നത് വെറും പുസ്തകപഠനമല്ല, മനുഷ്യനെ സമഗ്രമായി രൂപപ്പെടുത്തുന്ന പ്രക്രിയയാണ്. ജീവിതത്തിലെ മൂല്യങ്ങൾ ഉൾക്കൊള്ളാനും, ആത്മവിശ്വാസം വളർത്താനും, സമൂഹത്തോടുള്ള ഉത്തരവാദിത്വം തിരിച്ചറിയാനും ഈ ഘട്ടം സഹായിക്കുന്നു. അതുകൊണ്ട് തന്നെ ലോക വിദ്യാർത്ഥി ദിനം വെറും ആഘോഷദിനമല്ല,മറിച്ച് വിദ്യാർത്ഥിയുടെ ദൗത്യം ഓർമ്മപ്പെടുത്തുന്ന ദിനമാണ്.ഡോ. കലാം എന്നും പറഞ്ഞിരുന്നു: “സ്വപ്നം കാണുക, ആ സ്വപ്നം യാഥാർത്ഥ്യമാക്കാൻ പരിശ്രമിക്കുക.” ഇതായിരിക്കണം ഓരോ വിദ്യാർത്ഥിയുടെയും ജീവിതമന്ത്രം.സ്വപ്നങ്ങൾ കാണാൻ ധൈര്യമുള്ളവരാണ് വിജയത്തിലേക്ക് എത്തുന്നത്. ഓരോ വിദ്യാർത്ഥിയും തന്റെ കഴിവുകൾ തിരിച്ചറിഞ്ഞ് അതിനെ സമൂഹത്തിന്റെ വളർച്ചയ്ക്കായി വിനിയോഗിക്കുമ്പോഴാണ് യഥാർത്ഥ വിദ്യാഭ്യാസം സഫലമാകുന്നത്.ഇന്നത്തെ വിദ്യാർത്ഥികൾ ഡിജിറ്റൽ ലോകത്തിൽ ജീവിക്കുന്നു.അറിവ് ഒരൊറ്റ ക്ലിക്കിനകത്ത് ലഭ്യമായിട്ടും ആ അറിവിനെ ശരിയായി ഉപയോഗിക്കുന്ന തലത്തിലേക്ക് അത്ര ശക്തമല്ലാതായിരിക്കുന്നു. ടെക്നോളജി മനുഷ്യനെ മുന്നോട്ടു കൊണ്ടുപോകുന്നതോടൊപ്പം അവനെ മുഖ്യധാരയിൽ നിന്ന് അകറ്റാനും ശ്രമിക്കുന്നു. അതിനാൽ വിദ്യാർത്ഥികൾക്ക് അറിവിനൊപ്പം മൂല്യബോധവും മനുഷ്യത്വവുമാണ് ഏറ്റവും ആവശ്യം.അതില്ലെങ്കിൽ വിദ്യാഭ്യാസം അർത്ഥശൂന്യമാകും.

ലോക വിദ്യാർത്ഥി ദിനം നമ്മെ ഓർമ്മപ്പെടുത്തുന്നത് വിദ്യാർത്ഥി സമൂഹത്തിന്റെ മഹത്വമാണ്.അവർ ഭാവിയിലെ ശാസ്ത്രജ്ഞരും നേതാക്കളുമാണ്, സമൂഹത്തിന്റെ നാളെയുടെ പണിക്കാരാണ്.അവരിൽ ഉണരുന്ന ഓരോ ചിന്തയും പുതിയൊരു ദിശയെ രൂപപ്പെടുത്തുന്നു. അതിനാൽ അധ്യാപകരും രക്ഷിതാക്കളും സമൂഹവും വിദ്യാർത്ഥികളുടെ സ്വപ്നങ്ങളെ വളർത്താനും പ്രോത്സാഹിപ്പിക്കാനും ഉത്തരവാദിത്തമുള്ളവരാണ്.കലാമിന്റെ ജീവിതം തന്നെ ഒരു പാഠം.ചെറുപ്പത്തിൽ പത്രം വിൽക്കാനിറങ്ങിയ ആ ബാലൻ പിന്നീട് ഭാരതത്തിന്റെ രാഷ്ട്രപതിയായി. ആ യാത്ര അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തിന്റെയും കഠിനാധ്വാനത്തിന്റെയും തെളിവാണ്. വിദ്യാർത്ഥികൾക്ക് അദ്ദേഹം നൽകിയ സന്ദേശം വളരെ ഗൗരവമുള്ളതാണ്.“പഠനം അറിവിനായി മാത്രമല്ല, മനുഷ്യനാകാൻ പഠിക്കൂ.”

വിദ്യാർത്ഥി ദിനത്തിന്റെ പ്രസക്തി ഇന്ന് കൂടുതൽ ശക്തമാണ്.സമൂഹത്തിൽ പല പ്രശ്നങ്ങളാലും വിറയൽ അനുഭവപ്പെടുമ്പോൾ, വിദ്യാർത്ഥികളാണ് പ്രതീക്ഷയുടെ മുഖം. അവർ മനുഷ്യത്വം, സഹിഷ്ണുത,പരസ്പര ബഹുമാനം എന്നീ മൂല്യങ്ങളിലൂടെ ഒരു പുതു ലോകം തീർക്കണം. പഠനത്തിന്റെ ലക്ഷ്യം തൊഴിൽ നേടലല്ല, മറിച്ച് ആത്മാവിന്റെ ഉണർവാണ്.ഒരു നല്ല വിദ്യാർത്ഥി പുസ്തക ജ്ഞാനത്തിലേർപ്പെട്ടിരുന്നാൽ മാത്രം പോര,ജീവിതത്തെ മനസ്സിലാക്കാൻ ശ്രമിക്കുന്നവനായി വളരണം. അറിവ് വിനയത്തോടെ ഉൾക്കൊള്ളുന്ന വിദ്യാർത്ഥിയാണ് സമൂഹത്തെ മാറ്റാൻ ശക്തിയുളളവൻ. മനുഷ്യത്വവും ദയയും ഉൾക്കൊള്ളുന്ന വിദ്യാഭ്യാസമാണ് യഥാത്ഥ പുരോഗതിയുടെ അടിസ്ഥാനം. ഇന്ന് ലോകം അഭിമുഖീകരിക്കുന്ന അസഹിഷ്ണുതയും അക്രമവുമെല്ലാം മനുഷ്യവിരുദ്ധമായ അറിവിന്റെ പ്രതിഫലനമാണ്. അതിനാൽ വിദ്യാർത്ഥികൾക്ക് പ്രഥമമായുള്ള പാഠം “മനുഷ്യനായിരിക്കുക എന്നതായിരിക്കണം”

വിദ്യാർത്ഥി ദിനം ആഘോഷിക്കുമ്പോൾ നമുക്ക് ചിന്തിക്കേണ്ട ചോദ്യങ്ങൾ അനവധി.നാം വിദ്യാർത്ഥികളെ എങ്ങിനെയാണ് വളർത്തുന്നത്?നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥ വിദ്യാർത്ഥികളെ സ്വതന്ത്ര ചിന്തകരാക്കി വളർത്തുന്നുണ്ടോ?പരീക്ഷാ സമ്മർദ്ദങ്ങളും മാർക്ക് മത്സരങ്ങളും അവരുടെ മനസ്സിലെ സ്വപ്നം മുക്കിക്കളയുന്നില്ലേ? ഈ ദിനം അവരിൽ ആത്മവിശ്വാസവും ആത്മാവബോധവും വിതച്ച്, അവർക്ക് ആത്മഗൗരവത്തോടെ മുന്നോട്ട് പോകാനുള്ള പ്രചോദനമാകണം.പഠനത്തിന്റെ ലക്ഷ്യം വെറും തൊഴിൽ നേടലല്ല. മനുഷ്യനെ പൂർണമായും വളർത്തലാണ്. കലാമിന്റെ സന്ദേശം ഇതു തന്നെയായിരുന്നു. “പഠിക്കുക, ചിന്തിക്കുക, സൃ,ഷ്ടിക്കുക, പങ്കിടുക”ലോക വിദ്യാർത്ഥി ദിനം ഓരോരുത്തരെയും പ്രചോദിപ്പിക്കുന്നത് വലിയൊരു സന്ദേശത്തോടെയാണ്.“നിനക്ക് കഴിയുമെന്ന് വിശ്വസിക്കുക.” സ്വയം വിശ്വാസമുള്ള വിദ്യാർത്ഥി ഒരിക്കലും തോൽക്കില്ല. അവന്റെ അറിവ് വെളിച്ചമാകുമ്പോൾ സമൂഹവും പ്രകാശിക്കും.ഭാവിയെ പ്രകാശിപ്പിക്കുന്നതും സമൂഹത്തെ മുന്നോട്ട് നയിക്കേണ്ടതും വിദ്യാർത്ഥികളാണ്. അവരുടെ സ്വപ്നങ്ങളിൽ നിന്ന് നാളെയുടെ ലോകം പിറക്കുന്നു.അതുകൊണ്ടുതന്നെ ഇന്നത്തെ ദിനം പ്രചോദനത്തിന്റെ തിരുനാളാണ്. സ്വപ്നം കാണുന്ന മനസ്സുകൾക്കും പ്രതീക്ഷകളാൽ നിറഞ്ഞ മുഖങ്ങൾക്കും ആത്മവിശ്വാസം നൽകുന്ന ദിനമായി ഇന്നത്തെ ദിവസം മാറണം.ഡോ കലാമിന്റെ വാക്കുകളിൽ പറയുകയാണെങ്കിൽ”ഒരു നല്ല ഹൃദയമുള്ള വിദ്യാർത്ഥി ലോകത്തെ മാറ്റാനുള്ള ഏറ്റവും വലിയ ശക്തിയാണ്”.

ലോക വിദ്യാർത്ഥി ദിനം വെറും കലാമിന്റെ ഓർമ്മ ദിനമല്ല; അത് ഓരോ വിദ്യാർത്ഥിയുടെ ഹൃദയത്തിൽ സ്വപ്നത്തിന്റെ തീ കത്തിക്കുന്ന ദിനമാണ്. ആ തീപ്പൊരി പ്രചോദനമായി നിലനിൽക്കട്ടെ.മനുഷ്യ വികസനത്തിന്റെയും ബൗദ്ധിക ഉണർവിന്റെയും പ്രതീകമായി കാണാം നമുക്ക് ഈ ദിനത്തെ.മനുഷ്യത്വം നിറഞ്ഞ അറിവിന്റെ ഉത്സവത്തിൽ ഓരോ മനസ്സിലും പുതിയ വെളിച്ചം പടരട്ടെ.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )