എസ്ഐആർ നടപടികൾ; നിരീക്ഷകരെ നിയോഗിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ, ജില്ലകളിൽ സന്ദർശനം നടത്തും

എസ്ഐആർ നടപടികൾ; നിരീക്ഷകരെ നിയോഗിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ, ജില്ലകളിൽ സന്ദർശനം നടത്തും

  • കരട് വോട്ടർപട്ടിക സംബന്ധിച്ച് എതിർപ്പുകളും അവകാശവാദങ്ങളും സ്വീകരിക്കുന്ന കാലയളവിൽ ഇലക്ടറൽ റോൾ ഒബ്സെർവർ അതതു ജില്ലകൾ ആദ്യഘട്ടത്തിൽ സന്ദർശിക്കും.

തിരുവനന്തപുരം :എസ്ഐആർ നടപടിക്രമങ്ങളുടെ ഭാഗമായി വോട്ടർപട്ടികയിൽനിന്ന് 24.08 ലക്ഷം പേർ പുറത്തായതു രാഷ്ട്രീയ പാർട്ടികളുടെ എതിർപ്പിനിടയാക്കിയതിനു പിന്നാലെ 14 ജില്ലകൾക്കുമായി 4 ഇലക്ടറൽ റോൾ ഒബ്സെർവർമാരെ നിയോഗിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു. കേൽഖർ.കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളുടെ ചുമതല എം.ജി.രാജമാണിക്യം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകൾ കെ. ബിജു, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകൾ ടിങ്കു ബിസ്വാൾ, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകൾ ഡോ. കെ വാസുകി എന്നിങ്ങനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. കരട് വോട്ടർപട്ടിക സംബന്ധിച്ച് എതിർപ്പുകളും അവകാശവാദങ്ങളും സ്വീകരിക്കുന്ന കാലയളവിൽ ഇലക്ടറൽ റോൾ ഒബ്സെർവർ അതതു ജില്ലകൾ ആദ്യഘട്ടത്തിൽ സന്ദർശിക്കും. തുടർന്ന് ഇആർഒമാർ മുഖേന അവകാശവാദങ്ങളും എതിർപ്പുകളും പരിഹരിക്കുന്ന കാലയളവിലാണ് രണ്ടാം സന്ദർശനം.

ബിഎൽഒമാർ പ്രവർത്തന പകർപ്പ്പരിശോധിക്കുകയും സപ്ലിമെന്റുകൾ അച്ചടിക്കുകയും വോട്ടർ പട്ടികയുടെ അന്തിമ പ്രസിദ്ധീകരണം നടത്തുകയും ചെയ്യുന്ന ഘട്ടത്തിൽ ഇവർ മൂന്നാമതും ജില്ലകളിൽ എത്തും.ആദ്യ സന്ദർശന സമയത്ത് എംപിമാരുടെയും എംഎൽഎമാരുടെയും അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും യോഗം വിളിച്ച് അവരുടെ പരാതികൾ കേൾക്കുകയും പുനഃപരിശോധനാ നടപടികളിൽ അവരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യും. പൊതുജനങ്ങളുടെ യോഗവും വിളിക്കും. ജില്ലാ ശരാശരിയെക്കാൾ ഒരു ശതമാനത്തിലധികമോ, ഏതെങ്കിലും നിയമസഭാ മണ്ഡലത്തിൽ 3 ശതമാനത്തിലധികമോ പേരുകൾ ഒഴിവാക്കിയതോ ചേർത്തതോ ആയ മണ്ഡലങ്ങളുമായി ബന്ധപ്പെട്ട്, ഡിഇഒമാർ സമർപ്പിച്ച റിപ്പോർട്ടുകളും വിശദീകരണങ്ങളും ഇലക്ടറൽ റോൾ ഒബ്സെർവർമാർ പരിശോധിക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )