
കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച
- കൊട്ടാരത്തിലെ മുതിർന്ന അംഗമായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി ആണ് പേരൂർക്കട പൊലീസിൽ പരാതി നൽകിയത്.
തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച. രണ്ട് കോടി രൂപ വിലമതിക്കുന്ന സ്വർണമാണ് മോഷണം പോയെന്നാണ് പരാതി. കൊട്ടാരത്തിലെ മുതിർന്ന അംഗമായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി ആണ് പേരൂർക്കട പൊലീസിൽ പരാതി നൽകിയത്.ഗൗരി ലക്ഷ്മി ഭായിയുടെ കൈവശമുണ്ടായിരുന്ന അമൂല്യമായ രത്നങ്ങൾ പതിച്ച സ്വർണാഭരണങ്ങളാണ് മോഷണം പോയതെന്നാണ് വിവരം. പാരമ്പര്യമായി കൈമാറി വന്നതും അത്യപൂർവ്വവുമായ നിരവധി ആഭരണങ്ങളാണ് നഷ്ടപ്പെട്ടവയിൽ ഉൾപ്പെടുന്നത്. പത്മനാഭ സ്വാമിയുടെ ചിത്രം കൊത്തിയ ആഭരണങ്ങളും വിദേശത്തുനിന്ന് കൊണ്ടുവന്ന ആഭരണങ്ങളും മോഷണം പോയവയിലുണ്ട്.

2025 നവംബർ മാസത്തിൽ ബെംഗളൂരുവിൽ പോകുന്നതിനു മുൻപായി അലമാര തുറന്നപ്പോഴാണ് ആഭരണം നഷ്ടമായതായി കണ്ടത്. തുടർന്ന് കൊട്ടാരത്തിൽ പരിശോധന നടത്തിയിട്ടും ആഭരണങ്ങൾ ലഭിച്ചില്ല.2025 ഒക്ടോബർ- നവംബർ മാസത്തിൽ കവർച്ച നടന്നു എന്നാണ് പരാതി. ആഭരണങ്ങൾ നഷ്ടമായ വിവരം നവംബറിൽ തന്നെ അറിഞ്ഞിരുന്നുവെങ്കിലും കൊട്ടാരത്തിനുള്ളിൽ തന്നെ കാണുമെന്ന് കരുതിയതിനാലാണ് പരാതി കൊടുക്കാൻ വൈകി കൊട്ടാരത്തിന്റെ വിശദീകരണം. തിരഞ്ഞിട്ടും ആഭരണങ്ങൾ കിട്ടാത്തതിനാലാണ് പോലീസിൽ പരാതി നൽകിയത്.
