
കുതിച്ചുയർന്ന് റബർക്കുരുവില; കർഷകർക്ക് നല്ല കാലം
- ഉൽപ്പാദനം കുറഞ്ഞതാണ് വില കൂടാൻ കാരണം
മലപ്പുറം: റബർ വില കുറയുമ്പോയും റബർകുരുവിന് വില കുതിയ്ക്കുന്നു. ഒരുകിലോയ്ക്ക് 120 രൂപയാണ് നിലവിൽ വിപണി വില. ഉൽപ്പാദനം കുറഞ്ഞതാണ് വില കൂടാൻ കാരണം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കാണ് ഇത് കയറ്റിയയക്കുന്നത്. അവിടെ റബർകൃഷി വ്യാപിപ്പിക്കുന്നതിന് നഴ്സറിയുണ്ടാക്കുന്നതിനാണ് കുരു ഉപയോഗിക്കുന്നത്.

കാലാവസ്ഥാവ്യതിയാനമാണ് റബർകുരു ഉൽപ്പാദനം കുറച്ചത്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് നാലിലൊന്നുപോലും ശേഖരിക്കാൻ കഴിഞ്ഞിട്ടില്ല. കൂടിയ വില നൽകിയിട്ടും ആവശ്യത്തിന് കുരു കിട്ടാനില്ല. കിഴക്കൻ മലയോര മേഖലയിലാണ് എല്ലാവർഷവും ലക്ഷങ്ങളുടെ റബർകുരു വിപണനം നടക്കുന്നത്. കാലംതെറ്റിയ കനത്ത മഴയാണ് ഇക്കുറി ഉൽപ്പാദനത്തെ ബാധിച്ചത്. സീസണാകുമ്പോഴേക്ക് കുരുമൂത്ത് ഉണങ്ങിയിട്ടുണ്ടാകും. സാധാരണ ആഗസ്ത് അവസാനംമുതൽ സെപ്തംബർ അവസാനം വരെയാണ് റബർകുരു വിപണനകാലം. കഴിഞ്ഞവർഷം അമ്പത് രൂപയായിരുന്നു ഉയർന്ന വില. സീസൺ കാലത്ത് കുരു ശേഖരണത്തിന് വ്യാപാരികൾ മുന്നിട്ടിറങ്ങും. നേരത്തെ കോട്ടയത്തുനിന്ന് തൈ കയറ്റിയയക്കുകയായിരുന്നു. അത്യുൽപ്പാദനശേഷിയുള്ള മുന്തിയ ഇനം റബർകുരു നിലമ്പൂർ മേഖലയിലാണ് കൂടുതലായും കാണപ്പെടുന്നത്.