
ജൈവമാലിന്യ സംസ്കരണം കാര്യക്ഷമമാക്കാൻ കുടുംബശ്രീയുടെ സർവേ വരുന്നു
- സർവേയ്ക്ക് ഓരോ വാർഡിലും രണ്ടുമുതൽ മൂന്നുവരെ ടീമുകളെ നിയോഗിക്കും
തിരുവനന്തപുരം: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി വീടുകളിലെയും സ്ഥാപനങ്ങളിലെയും ജൈവമാലിന്യ സംസ്കരണ ഉപാധികളുടെ വിവരശേഖരണത്തിന് സർവേ നടത്താൻ ഒരുങ്ങി കുടുംബശ്രീ. ജനുവരി ആറ് മുതൽ 12 വരെയാണ് സർവേ. ഉറവിട മാലിന്യസംസ്കരണ സംവിധാനമുള്ള വീടുകളും സ്ഥാപനങ്ങളും കണ്ടെത്തുക, ബയോബിൻ, കിച്ചൻ ബിൻ തുടങ്ങിയവയുടെ നിലവിലെ സ്ഥിതി, ജൈവ മാലിന്യം സംസ്കരിക്കാനുള്ള ഇനോക്കുലത്തിന്റെ ലഭ്യത, ഹരിതമിത്രം ആപ്പിൽ രജിസ്റ്റർ ചെയ്ത വീടുകളുടെയും സ്ഥാപനങ്ങളുടെയും എണ്ണം തുടങ്ങിയ വിവരങ്ങൾ എന്നിവ ശേഖരിക്കും.

സർവേയ്ക്ക് ഓരോ വാർഡിലും രണ്ടുമുതൽ മൂന്നുവരെ ടീമുകളെ നിയോഗിക്കും. സംസ്ഥാനമൊട്ടാകെ 35,000-ലേറെ ഹരിതകർമസേനാംഗങ്ങളും സർവേയുടെ ഭാഗമാകും.കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിന്റെ പ്രതിനിധികളുൾപ്പെടെ ഓരോ ടീമിലും അഞ്ചോളം പേർ ഉണ്ടാകും. ഇവർ ഹരിതമിത്രം ആപ്പിലൂടെ സംസ്കരണ ഉപാധികൾ സംബന്ധിച്ച വിവരങ്ങളും രേഖപ്പെടുത്തും. ഹരിതമിത്രം ആപ്പിൽ എൻറോൾ ചെയ്യാത്തവയുടെ വിവരങ്ങളും ശേഖരിക്കും. രജിസ്റ്റർ ചെയ്യാത്തവർക്ക് ക്യുആർ കോഡ് ലഭ്യമാക്കും. സർവേയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നേതൃത്വം നൽകും.