
ഡോക്ടർ വന്ദനാദാസ് കൊല്ലപ്പെട്ട കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തം ശിക്ഷ
- കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് ജീവപര്യന്തം ശിക്ഷയും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്.
കൊല്ലം: ആശുപത്രിയിലെ ഡ്യൂട്ടിക്കിടെ ഡോക്ടർ വന്ദനാദാസ് കൊല്ലപ്പെട്ട കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തം ശിക്ഷ. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് ജീവപര്യന്തം ശിക്ഷയും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്. കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. കേസിൽ എഴുപതിൽ അധികം സാക്ഷികളെ കോടതിയിൽ വിസ്തരിച്ചിരുന്നു. പിന്നാലെയാണ് കോടതി നിർണായകമായ ശിക്ഷ വിധിച്ചത്. 2023 മെയ് 10നായിരുന്നു കേസിനാസ്പ്പദമായ സംഭവം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിക്കിടെ ചികിത്സയ്ക്ക് കൊണ്ടുവന്ന രോഗിയായ സന്ദീപ് ഡോ. വന്ദനയെആക്രമിക്കുകയായിരുന്നു. അയൽവാസിയുമായുള്ള സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയ്ക്കായി പൊലീസുകാർ ആശുപത്രിയിൽ എത്തിച്ചതായിരുന്നു കേസിലെ പ്രതിയായ സന്ദീപിനെ. പരിശോധനയ്ക്ക് പിന്നാലെ സന്ദീപ് പ്രകോപിതനാകുകയും ആശുപത്രിയിൽ എത്തിച്ച അയൽവാസിയെ ആദ്യം ആക്രമിക്കുകയും ചെയ്തു.പിന്നാലെയാണ് സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരെയും ഡോക്ടർ വന്ദനയെയും സന്ദീപ് ആക്രമിക്കുന്നത്.

മേശപ്പുറത്തുണ്ടായിരുന്ന കത്രിക ഉപയോഗിച്ചാണ് വന്ദനയെ സന്ദീപ് ആക്രമിച്ചത്. കഴുത്തിലും മുതുകിലും അടക്കം വന്ദനയ്ക്ക് ആറോളം കുത്തുകളേറ്റു. വന്ദനയുടെ നിലവിളി കേട്ട് ഓടിയെത്തിയ പൊലീസും സഹപ്രവർത്തകരും ഏറെ പണിപ്പെട്ടാണ് പ്രതിയെ കീഴ്പ്പെടുത്തിയത്. നില ഗുരുതരമായിരുന്ന വന്ദനയെ ഉടൻ തന്നെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ രാവിലെയോടെ മരണം
സംഭവിക്കുകയായിരുന്നു.
