
തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷരെ പ്രാദേശികമായി തീരുമാനിക്കാൻ കെപിസിസി നിർദേശം; സത്യപ്രതിജ്ഞ 21-ന്
- ഘടകകക്ഷികളുമായി അധികാരം പങ്കിടുന്നത് സംബന്ധിച്ച തീരുമാനം ജില്ലാ യുഡിഎഫ് നേതൃത്വം തീരുമാനിക്കും
തിരുവനന്തപുരം: കോൺഗ്രസിന് ഭരണംലഭിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷരെയുൾപ്പെടെ തീരുമാനിക്കുന്നത്. പ്രാദേശികതലത്തിൽ ഇതുസംബന്ധിച്ച മാർഗനിർദേശം ഉടൻ ഡിസിസികൾക്ക് നൽകും. ഘടകകക്ഷികളുമായി അധികാരം പങ്കിടുന്നത് സംബന്ധിച്ച തീരുമാനം ജില്ലാ യുഡിഎഫ് നേതൃത്വം തീരുമാനിക്കും.മേയർ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ്, നഗരസഭാ ചെയർമാൻ എന്നിവരെ ഡിസിസി തലത്തിലുള്ള കോർകമ്മിറ്റി തീരുമാനിക്കും.
സ്ഥാനാർഥിനിർണയത്തിന് രൂപവത്കരിച്ച കമ്മിറ്റിക്കായിരിക്കും ഇതിന്റെ ഉത്തരവാദിത്വം.

അതത് തദ്ദേശസ്ഥാപനങ്ങളിലെ തിരഞ്ഞെടുത്ത അംഗങ്ങളുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനം. കഴിവതും മുഴുവൻ കാലാവധിയിലേക്കും ഒരാൾതന്നെ അധ്യക്ഷസ്ഥാനത്ത് തുടരുംവിധമുള്ള ധാരണയുണ്ടാക്കും. നിശ്ചിതകാലത്തിനുശേഷം അധികാരം പങ്കിടേണ്ടിവന്നാൽ വ്യക്തമായ ധാരണ എഴുതിയുണ്ടാക്കും. തർക്കം തീരാതെവന്നാലേ കെപിസിസി തലത്തിലുള്ള ഇടപെടലുണ്ടാകൂ.21-നാണ് പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ.
അതിനുശേഷമായിരിക്കും അധ്യക്ഷ, ഉപാധ്യക്ഷ തിരഞ്ഞെടുപ്പ്. കോൺഗ്രസിന് യോജിക്കാൻ കഴിയാത്ത പാർട്ടികളുമായി ധാരണയുണ്ടാക്കി തദ്ദേശസ്ഥാപനഭരണം പിടിക്കരുതെന്ന കർശനനിലപാടും മാർഗനിർദേശങ്ങളിൽ ഉൾപ്പെടുത്തും.
