
തെരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യ സഖ്യം മാർച്ച് ആരംഭിച്ചു
- മാർച്ചിൽ എംപിമാരും പോലീസും തമ്മിൽ സംഘർഷം.
ന്യൂഡൽഹി:വോട്ടർ പട്ടിക ക്രമക്കേട് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യ സഖ്യം എംപിമാരുടെ മാർച്ച് ആരംഭിച്ചു. രാവിലെ 11. 30ന് പാർലമെൻ്റിൽ നിന്നും മാർച്ച് ആരംഭിച്ചു. സഖ്യത്തിലെ 300 എംപിമാരെ പങ്കെടുപ്പിച്ചാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് വൻ പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. മാർച്ചിൽ എംപിമാരും പോലീസും തമ്മിൽ സംഘർഷം. എംപിമാർ ബാരിക്കേഡ് മറികടന്ന് കമ്മീഷൻ ഓഫീസിലേക്ക് പോകാനുള്ള ശ്രമത്തിലാണ്. ഇവരെ പോലീസ് ബലം പ്രയോഗിച്ച് മാറ്റുകയാണ്.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി എന്നിവരടക്കം 300 ഓളം എം പിമാർ പ്രതിഷേധത്തിൽ അണിനിരന്നു. ബിഹാറിലെ എസ് ഐ ആർ റദ്ദാക്കണം, രാഹുൽ ഗാന്ധി ഉന്നയിച്ച വോട്ടർപട്ടിക ക്രമക്കേട് അന്വേഷിക്കണം എന്നീ കാര്യങ്ങൾ ആവശ്യപ്പെട്ടാണ് ഇന്ത്യ സഖ്യം ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തുന്നത്. മുപ്പത് പ്രതിപക്ഷ നേതാക്കൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ കൂടിക്കാഴ്ചയ്ക്ക് അനുവാദം നൽകിയിട്ടുണ്ട്. എന്നാൽ എല്ലാ എം പിമാരെയും കമ്മീഷൻ കാണണം എന്ന നിലപാടിൽ കോൺഗ്രസ് ഉറച്ചു നിൽക്കുകയാണ്.