
തൊഴിലില്ലായ്മ നിരക്കിൽ കേരളം ഒന്നാമതെന്ന് കേന്ദ്ര റിപ്പോർട്ട്
- കേരളത്തിൽ തൊഴിൽരഹിതരിൽ കൂടുതലും യുവതികൾ
- തൊഴിലില്ലായമ നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനം ഡൽഹി
ന്യൂഡൽഹി: രാജ്യത്ത് തൊഴിലില്ലായ്മ നിരക്കിൽ കേരളം ഒന്നാമതെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം തയ്യാറാക്കിയ റിപ്പോർട്ട് പറയുന്നു. 2024 ജനുവരി മുതൽ മാർച്ച് വരെ കേരളത്തിലെ തൊഴിലില്ലായ്‌മ നിരക്ക് 31.8 ശതമാനമാണെന്നാണ് കേന്ദ്ര മന്ത്രാലയം പുറത്തുവിട്ട പീരിയോഡിക് ലേബർ ഫോഴ്സ് സർവേ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

15നും 29 നും വയസിനിടയിൽ പ്രായമുള്ളവർക്കിടയിലെ തൊഴിലില്ലായ്മയെക്കുറിച്ചുള്ള കണക്കാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. യുവാക്കളെക്കാൾ അധികം യുവതികളാണ് കേരളത്തിൽ തൊഴിൽരഹിതരായുള്ളത് എന്നും പഠനം പറയുന്നു. സംസ്ഥാനത്ത് 15-നും 29- നുമിടയിൽ പ്രായമുള്ള സ്ത്രീകളിൽ 46.6 ശതമാനവും തൊഴിൽരഹിതരാണ്. ഈ പ്രായത്തിൽപ്പെട്ട യുവാക്കളിൽ 24.3 ശതമാനം തൊഴിൽ രഹിതർ ആണെന്നാണ് കേന്ദ്ര സർവേ ചൂണ്ടിക്കാട്ടുന്നു.

കേരളത്തിന് പുറമെ ജമ്മു കശ്‌മീർ (28.2 ശതമാനം), തെലങ്കാന (26.1 ശതമാനം), രാജസ്ഥാൻ (24 ശതമാനം), ഒഡിഷ (23.3 ശതമാനം) എന്നീ സംസ്ഥാനങ്ങളിലാണ് തൊഴിലില്ലായ്‌മ ഏറ്റവും കൂടുതലുള്ളത്. തൊഴിലില്ലായമ നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനം ഡൽഹിയാണ്. 3.1 %. 22 സംസ്ഥാനങ്ങളിലെയും, കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും തൊഴിലില്ലായ്മ നിരക്ക് സംബന്ധിച്ച റിപ്പോർട്ടാണ് പീരിയോഡിക് ലേബർ ഫോഴ്സ് സർവേ റിപ്പോർട്ടിൽ പറയുന്നത്. സർവേയിൽ കറന്റ് വീക്കിലി സ്റ്റാറ്റസ് (CWS) ന്റെ അടിസ്ഥാനത്തിലാണ് തൊഴിലില്ലായ്മ നിരക്ക് കണ്ടെത്തിയത്.