
പമ്പയിലെ പാർക്കിങ്ങിനായി ദേവസ്വം കോടതിയിലേക്ക്
- നിലവിലെ അനുമതി മണ്ഡല- മകരവിളക്കുകാലത്തില്ല
പത്തനംതിട്ട:പമ്പയിൽ മാസപൂജാസമയങ്ങളിൽ അനുവദിച്ചിരിക്കുന്ന പാർക്കിങ് മണ്ഡല-മകരവിളക്കുകാലത്തും തുടരണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ സമീപിക്കും. ജില്ലാ ഭരണകൂടത്തിനും പോലീസിനും പമ്പയിലെ പാർക്കിങ് തുടരണമെന്ന അഭിപ്രായമാണ്.ചക്കുപാലം-രണ്ട്, ഹിൽടോപ്പ്
എന്നിവിടങ്ങളിലാണ് പാർക്കിങ്ങിന് ആറുമാസം മുൻപ് ഹൈക്കോടതി അനുമതിനൽകിയത്. അഞ്ചുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇവിടെ ചെറുവാഹനങ്ങൾക്ക് അനുമതികിട്ടിയത്. രണ്ടിടത്തുമായി രണ്ടായിരത്തോളം വാഹനങ്ങൾ പാർക്കുചെയ്യാനായി. ഇതുസംബന്ധിച്ച പ്രയോജനം ബോർഡ് കോടതിയെ ധരിപ്പിക്കും. പ്രളയത്തിനുശേഷമാണ് പമ്പയിൽ പാർക്കിങ് വേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.

1000 റബർമരങ്ങൾ മുറിച്ച് നിലയ്ക്കലിൽ 2000 വാഹനങ്ങൾക്കുകൂടി പാർക്കിങ് സൗകര്യം ഒരുക്കാനുള്ള നടപടികൾ തുടരുകയാണ്. ഇതുകൂടിവരുമ്പോൾ നിലയ്ക്കലിൽ 10,000 വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യമാകും.നിലയ്ക്കലുള്ള 17 ഗ്രൗണ്ടുകളിൽ ശാസ്ത്രീയമായി പാർക്ക് ചെയ്യിക്കുന്നതിന് 102 വിമുക്തഭടൻമാരെ ദേവസ്വം താത്കാലികമായി നിയമിച്ചിട്ടുണ്ട്. ഗ്രൗണ്ടുകളിൽ തോന്നിയതുപോലെ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന രീതിക്ക് ഇക്കുറി പരിഹാരമാകും. ഓരോ ഗ്രൗണ്ടിലും ഒരു പോലീസുകാരനെയും നിയോഗിക്കും.