
പ്രാഥമിക അന്വേഷണത്തിൽ പി.ടി കുഞ്ഞിമുഹമ്മദിനെതിരെയുള്ള പരാതിയിൽ കഴമ്പുണ്ടെന്ന് പോലീസ്
- സംഭവം നടന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് നേരത്തേ ശേഖരിച്ചിരുന്നു
തിരുവനന്തപുരം: ചലച്ചിത്ര പ്രവർത്തകയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ മുൻകൂർ ജാമ്യം തേടി സംവിധായകനും സിപിഎം സഹയാത്രികനും മുൻ എംഎൽഎയുമായ പി.ടി. കുഞ്ഞുമുഹമ്മദ്. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. കുഞ്ഞുമുഹമ്മദിനെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷ കോടതി തിങ്കളാഴ്‌ച പരിഗണിക്കുംകേസുമായി ബന്ധപ്പെട്ട റിപ്പോർട്ട് പോലീസ് സമർപ്പിച്ചിട്ടുണ്ട്.

പ്രാഥമികാന്വേഷണത്തിൽ പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ പരാതിയിൽ കഴമ്പുണ്ടെന്നാണ് പോലീസ് റിപ്പോർട്ടിൽ പറയുന്നത്. സംഭവം നടന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് നേരത്തേ ശേഖരിച്ചിരുന്നു. ഇക്കാര്യവും റിപ്പോർട്ടിൽ പറയുന്നുണ്ട്.ഇനി 164-ാം വകുപ്പ് പ്രകാരം പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തണമെന്നും പോലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതിന് ശേഷം പി.ടി. കുഞ്ഞുമുഹമ്മദിന്റെ മൊഴിയെടുക്കുമെന്നും പോലീസ് അറിയിച്ചു.
