
ബാലുശ്ശേരി താലൂക്ക് ആശുപത്രി പുതിയ കെട്ടിടം മാർച്ചിൽ പൂർത്തീകരിക്കും
- പ്രവൃത്തി അവലോകനം നടത്തുന്നതിൻ്റെ ഭാഗമായി അഡ്വ. കെ. എം. സചിൻദേവ് എംഎൽഎ ആശുപത്രി സന്ദർശിച്ചു
ബാലുശ്ശേരി: 2025 മാർച്ച് മാസത്തോടെ ബാലുശ്ശേരി താലൂക്ക് ആശുപ്രതി പുതിയ കെട്ടിടം പ്രവൃത്തി പൂർത്തിയാക്കുമെന്ന് അഡ്വ. കെ.എം. സചിൻ ദേവ് എംഎൽഎ പറഞ്ഞു. ബാലുശ്ശേരി താലൂക്ക് ആശുപത്രിയുടെ വികസനത്തിന് കിഫ്ബിയിൽ നിന്നും 23 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. മൂന്നു നിലകളിലായി നിർമിക്കുന്ന പുതിയ ബ്ലോക്കിൻ്റെ പ്രവൃത്തി നടന്നുവരുകയാണ്. വെർട്ടിക്കൽ എക്സ്‌പാൻഷൻ നേരത്തെ പൂർത്തീകരിച്ചിട്ടുണ്ട്. പുതിയ ബ്ലോക്ക് പൂർത്തീകരിക്കുന്നതോടെ ആശുപത്രിയുടെ പ്രവർത്തനം പൂർണമായും പുതിയ കെട്ടിടത്തിലേക്ക് മാറ്റാൻ കഴിയും.

പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നത് തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹെതർ കൺസ്ട്രക്ഷൻ കമ്പനിയാണ്. പ്രവൃത്തി അവലോകനം നടത്തുന്നതിൻ്റെ ഭാഗമായി അഡ്വ. കെ. എം. സചിൻദേവ് എംഎൽഎ ആശുപത്രി സന്ദർശിച്ചു. അവലോകന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ. അനിത, പനങ്ങാട് പഞ്ചായത്ത് പ്രസിഡൻ്റ് വി.എം. കുട്ടികൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു ആലങ്കോട്, മണ്ഡലം വികസന മിഷൻ കൺവീനർ ഇസ്മയിൽ കുറുമ്പോയിൽ, മെഡിക്കൽ ഓഫിസർ അനൂപ് കൃഷ്ണൻ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.