
മലയാറ്റൂരിലെ പെൺകുട്ടിയുടെ മരണം; ആൺസുഹൃത്ത് അറസ്റ്റിൽ
- മദ്യലഹരിയിൽ ഇയാൾ തന്നെയാണ് കൃത്യം നടത്തിയതെന്ന നിഗമനത്തിലാണ് പോലീസ്
കൊച്ചി: മലയാറ്റൂരിൽ രണ്ടു ദിവസം മുമ്പ് കാണാതായ 19കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. ചിത്രപ്രിയയുടെ സുഹൃത്ത് അലനെ പോലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിൽ ഇയാൾ തന്നെയാണ് കൃത്യം നടത്തിയതെന്ന നിഗമനത്തിലാണ് പോലീസ്. രാവിലെ പത്ത് മണിക്കാണ് ചിത്രപ്രിയയുടെ പോസ്റ്റ്മോർട്ടം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളു.ഞായറാഴ്ച രാത്രി ഒരുമണിക്ക് ചിത്രപ്രിയ സുഹൃത്തുക്കൾക്കൊപ്പം ബൈക്കിൽ പോകുന്ന ദൃശ്യങ്ങളും പോലീസിന് ലഭിച്ചു.മലയാറ്റൂർ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പിൽ ഷൈജുവിന്റെയും ഷിനിയുടെയും മകൾ ചിത്രപ്രിയ (19)യെയാണ് വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ജീർണിച്ചു തുടങ്ങിയ മൃതദേഹത്തിന് 2 ദിവസത്തെ പഴക്കമുണ്ട്. ചിത്രപ്രിയയുടെ തലയ്ക്കു പിന്നിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ടെന്ന് പ്രാഥമികപരിശോധനയിൽ കണ്ടെത്തി.അതുകൊണ്ടു തന്നെ ഇതൊരു കൊലപാതകമാണെന്ന പ്രാഥമികനിഗമനത്തിലാണ് പോലീസ്.

ചിത്രപ്രിയയുടെ മൃതദേഹത്തിന് സമീപം വലിയ കല്ലും കണ്ടെടുത്തിരുന്നു. കല്ലിൽ രക്തക്കറയും കണ്ടെത്തിയിരുന്നു.ബംഗളരുവിൽ ഏവിയേഷൻ ബിരുദ വിദ്യാർഥിയായ ചിത്രപ്രിയയെ ശനിയാഴ്ച മുതലാണ് കാണാതായത്. അടുത്തുള്ള കടയിൽ പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടി പിന്നീട് തിരിച്ചു വന്നില്ല. തുടർന്ന് വീട്ടുകാർ കാലടി പോലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിനിടെയാണ് പറമ്പിൽ നിന്ന് ദുർഗന്ധം വമിക്കുന്നുവെന്ന നാട്ടുകാരുടെ അറിയിപ്പിനെ തുടർന്ന് പോലീസ് പരിശോധന നടത്തുന്നതും മൃതദേഹം കണ്ടെത്തുന്നതും. മലയാറ്റൂർ മണപ്പാട്ട് ചിറയ്ക്ക് സമീപത്തെ സെബിയൂർ റോഡിന് സമീപമുള്ള ആളൊഴിഞ്ഞപറമ്പിലാണ് മൃതദേഹം കാണപ്പെട്ടത്.
