
മുണ്ടക്കൈ ഉരുൾപൊട്ടൽ; റഡാർ പരിശോധന തുടങ്ങി
- ഡൽഹിയിൽനിന്ന് ശനിയാഴ്ച വ്യോമ മാർഗമാണ് ഡ്രോൺ സഹായത്തോടെ പ്രവർത്തിക്കുന്ന റഡാർ എത്തിച്ചത്
കൽപറ്റ: വയനാട് ഉരുൾപൊട്ടൽ മേഖലകളിൽ കാണാതായവർക്കായുള്ള തിരച്ചിൽ ആറാം ദിവസവും പുരോഗമിക്കുന്നു. മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശങ്ങളിലാണ് പ്രധാനമായും തിരച്ചിൽ. ചൂരൽമല സ്‌കൂൾ, വെള്ളാർമല വില്ലേജ് ഓഫീസ് പരിസരങ്ങളിലാണ് കൂടുതൽ പരിശോധന നടത്തുക. പുഴയിൽ ഇറങ്ങിയുള്ള തിരച്ചിലും നടക്കുന്നുണ്ട്. പ്രദേശത്ത് രാവിലെ കനത്ത മഴ പെയ്‌തിരുന്നുവെങ്കിലും നിലവിൽ പുഴയിൽ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. ജില്ലയിൽ യേല്ലോ അലർട്ടാണുള്ളത്.
മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ സൈന്യത്തിൻ്റെ നേതൃത്വത്തിൽ റഡാർ ഉപയോഗിച്ചുള്ള പരിശോധനയും ആരംഭിച്ചിട്ടുണ്ട്. ഡൽഹിയിൽനിന്ന് ശനിയാഴ്ച വ്യോമമാർഗമാണ് ഡ്രോൺ സഹായത്തോടെ പ്രവർത്തിക്കുന്ന റഡാർ എത്തിച്ചത്. മണ്ണിനടിയിൽ മനുഷ്യശരീരം ഉൾപ്പടെ ഉണ്ടോയെന്ന് കണ്ടെത്തുന്ന അത്യാധുനിക ഉപകരണമാണിത് എന്നാണ് ജില്ലാ കളക്ടർ അറിയിച്ചിരിക്കുന്നത്. ഈ റഡാർ കേന്ദ്രീകരിച്ചുള്ള പരിശോധനയാകും ഇന്ന് വ്യാപകമായി നടക്കുക.