
മൂന്ന് മത്സരങ്ങളിൽ പരാഗ് രാജസ്ഥാൻ ക്യാപ്റ്റൻ
- സഞ്ജു ബാറ്റുകൊണ്ട് ടീമിന് കരുത്ത് നൽകുമെന്ന് രാജസ്ഥാൻ റോയൽസ്
ഐ.പി.എല്ലിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ ക്യാപ്റ്റനായി റിയാൻ പരാഗിനെ നിയമിച്ച് രാജസ്ഥാൻ റോയൽസ്. മാർച്ച് 23ന് നടക്കുന്ന സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിലും തുടർന്ന് 26ലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, മാർച്ച് 30ലെ ചെന്നൈ സൂപ്പർ കിങ്സ് ടീമുകൾക്കെതിരായ മത്സരങ്ങളിലും റിയാൻ പരാഗായിരിക്കും ക്യാപ്റ്റൻ.

സഞ്ജു ബാറ്റുകൊണ്ട് ടീമിന് സംഭാവന നൽകുമെന്ന് രാജസ്ഥാൻ റോയൽസ് ടീം അറിയിച്ചു. വിക്കറ്റ് കീപ്പിങ്ങിലും ഫീൽഡിങ്ങിലും ശാരീരികക്ഷമത വീണ്ടെടുക്കുന്ന മുറക്ക് ക്യാപ്റ്റനായി സഞ്ജു തിരിച്ചെത്തുമെന്നും രാജസ്ഥാൻ അറിയിച്ചിട്ടുണ്ട്.ക്യാപ്റ്റനെന്ന നിലയിൽ റിയാൻ പരാഗിൽ പൂർണവിശ്വാസമുണ്ടെന്ന് രാജസ്ഥാൻ അറിയിച്ചു. അസം ആഭ്യന്തര ക്രിക്കറ്റിൽ ക്യാപ്റ്റനായി റിയാൻ പരാഗ് പ്രവർത്തിച്ചിട്ടുണ്ട്. വർഷങ്ങളായി രാജസ്ഥാൻ റോയൽസിന്റെ അവിഭാജ്യഘടകമാണ് റിയാൻ പരാഗ്. യുവരക്തത്തെ ക്യാപ്റ്റനാക്കുക വഴി ഐ.പി.എല്ലിൽ മികച്ച തുടക്കമാണ് ലക്ഷ്യമിടുന്നതെന്നും രാജസ്ഥാൻ അറിയിച്ചു.
