
മോട്ടോർ വാഹന വകുപ്പിന്റെ പേരിൽ വ്യാജ ഓൺലൈൻ തട്ടിപ്പ്
- തട്ടിപ്പ് സംഘങ്ങൾ അയക്കുന്ന സന്ദേശത്തിൽ വീഴരുതെന്നും ഉടൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കണമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം : മോട്ടോർ വാഹന വകുപ്പിൻ്റെ പേരിൽ വ്യാജ ഓൺലൈൻ തട്ടിപ്പ്. നിരവധി പേർക്ക് പിഴ അടയ്ക്കണം എന്ന് കാട്ടി സന്ദേശം വന്നു. തട്ടിപ്പ് സംഘങ്ങൾ അയക്കുന്ന സന്ദേശത്തിൽ വീഴരുതെന്നും ഉടൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കണമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ട്രാഫിക് നിയമലംഘനം നടന്നതായി കാട്ടി എംവിഡിയുടെ പേരിൽ സന്ദേശം അയക്കും. അതിൽ കാണുന്ന ലിങ്ക് വഴി പണമടയ്ക്കാനും ആവശ്യപ്പെടും. ഇത്തരത്തിൽ തിരുവല്ല തെങ്ങേലി സ്വദേശി സുരേഷ് കുമാറിന് സന്ദേശം ലഭിച്ചു.

തന്റെ വാഹനം നിയമലംഘനം നടത്തിയെന്ന് പറഞ്ഞു വന്ന സന്ദേശത്തിൽ 500 രൂപ അടക്കണമെന്ന് ആവശ്യപ്പെട്ടു. ഇക്കാര്യം തിരുവല്ല ട്രാഫിക് എസ്ഐയെ അറിയിച്ചതോടെയാണ് തട്ടിപ്പ് വിവരം പുറത്തായത്. ഇത്തരം തട്ടിപ്പുകളിൽ വീഴരുതെന്നും ഉടൻ ഉദ്യോഗസ്ഥരെ അറിയിക്കണം എന്നും തിരുവല്ല ട്രാഫിക് എസ് ഐ പറഞ്ഞു. എം വി ഡി യുടെ പുതിയ സംവിധാനത്തെ മറയാക്കിയാണ് ഓൺലൈനിലൂടെ തട്ടിപ്പിനുള്ള ശ്രമം.
