റാസല്‍ഖൈമയില്‍ നിന്ന് കണ്ണൂരിലേക്ക് പുതിയ സര്‍വീസ് ആരംഭിക്കാൻ എയര്‍ ഇന്ത്യ

റാസല്‍ഖൈമയില്‍ നിന്ന് കണ്ണൂരിലേക്ക് പുതിയ സര്‍വീസ് ആരംഭിക്കാൻ എയര്‍ ഇന്ത്യ

  • എയർ ഇന്ത്യ എക്സ്പ്രസിൻ്റെ അബുദാബി – ഇന്ത്യ സെക്ടറിലെ സർവീസുകൾ ആഴ്ചയിൽ 31ൽ നിന്ന് 43 ആയി ഉയരും

അബുദാബി: എയർ ഇന്ത്യ മേയ് ഒന്നു മുതൽ റാസൽഖൈമയിൽ നിന്ന് കണ്ണൂരിലേക്ക് പുതിയ സർവീസ് തുടങ്ങുന്നു. കൂടാതെ അബുദാബിയിൽ നിന്ന് കൊച്ചി,കണ്ണൂർ, മുംബൈ സെക്ടറിലേക്കുള്ള സർവീസ് കൂട്ടുകയും ചെയ്തിട്ടുണ്ട്.

റാസൽഖൈമയിൽ നിന്ന് കണ്ണൂരിലേക്ക് ചൊവ്വ, ബുധൻ, വെള്ളി ദിവസങ്ങളിൽ ആഴ്‌ചയിൽ മൂന്ന് വിമാന സർവീസാണ് ആദ്യഘട്ടത്തിൽ ഉണ്ടാകുക. കണ്ണൂരിൽ നിന്ന് വൈകിട്ട് 6.15ന് പുറപ്പെടുന്ന വിമാനം യുഎഇ സമയം രാത്രി 8.45ന് റാസൽഖൈമയിൽ ഇറങ്ങും. തിരിച്ച് റാസൽഖൈമയിൽ നിന്ന് രാത്രി 9.45ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 3.15ന് കണ്ണൂരിൽ എത്തും.

റാസൽഖൈമയിൽ നിന്ന് ലഖ്‌നൗവിലേക്ക് മേയ് രണ്ട് മുതൽ ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിൽ സർവീസ് ഉണ്ടാകും. ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിൽ രാവിലെ 11.55ന് പുറപ്പെട്ട് വൈകിട്ട് 5.15ന് ലഖ്‌നൗവിൽ എത്തും.

പുതുക്കിയത് പ്രകാരം എയർ ഇന്ത്യ എക്സ്പ്രസിൻ്റെ അബുദാബി – ഇന്ത്യ സെക്ടറിലെ സർവീസുകൾ ആഴ്ചയിൽ 31ൽ നിന്ന് 43 ആയി ഉയരും. പുതിയ സർവീസുകൾ പ്രാബല്യത്തിൽ വരുന്നതോടെ എയർ ഇന്ത്യ എക്സ്പ്രസിൽ അബുദാബിയിൽ നിന്ന് ഇന്ത്യയിലേക്ക് ആഴ്ചയിൽ 2222 പേർക്ക് കൂടി യാത്ര ചെയ്യാനാകും.

അബുദാബിയിൽ നിന്ന് ആഴ്ചയിൽ ആറ് സർവീസുണ്ടായിരുന്ന കൊച്ചിയിലേക്ക് 24 മുതൽ പ്രതിദിന സർവീസാണ് ഉള്ളത്. ഞായറാഴ്ചകളിലെ പുതിയ സർവീസ് രാത്രി 11.55ന് പുറപ്പെട്ട് പുലർച്ചെ 5.35ന് നെടുമ്പാശേരിയിൽ ഇറങ്ങും. ഈ മാസം 15 മുതൽ അബുദാബിയിൽ നിന്ന് മുംബൈയിലേക്ക് പ്രതിദിന സർവീസ് ഉണ്ടാകും. രാത്രി 10.50ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 3.10ന് മുംബൈയിൽ എത്തും. മേയ് മുതൽ അബുദാബിയിൽ നിന്ന് കണ്ണൂരിലേക്ക് നാല് അധിക സർവീസ് ആരംഭിക്കും. ഞായർ, തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിൽ അബുദാബിയിൽ നിന്ന് രാത്രി 9.55ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 3.20ന് കണ്ണൂരിൽ എത്തും .

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )