
ലോകായുക്‌ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു
- സർക്കാരിനെതിരെയുള്ള ഹർജികൾ തള്ളി
കൊച്ചി : സംസ്ഥാന സർക്കാർ കൊണ്ടുവന്ന ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ളവർ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ചീഫ് ജസ്‌റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് വി.എം.ശ്യാംകുമാർ എന്നിവരുടെ ബെഞ്ചിന്റെ തീരുമാനം.അഴിമതിക്കെതിരെയുള്ള പോരാട്ടങ്ങൾക്കു ശക്‌തി പകരാൻ കൊണ്ടുവന്ന ലോകായുക്‌ത നിയമത്തെ നിയമഭേദഗതി നിഷ്ക്രിയമാക്കുമെന്നായിരുന്നു ചെന്നിത്തല അടക്കമുള്ളവർ ആരോപിച്ചത്. നിയമസഭ പാസാക്കിയ ലോകായുക്‌ത നിയമ ഭേദഗതി ബില്ലിനു രാഷ്ട്രപതി അംഗീകാരം നൽകിയിരുന്നു.
അധികാരത്തിലുള്ളവർ അഴിമതി നടത്തിയെന്ന് തെളിഞ്ഞാൽ അവർ പദവി ഒഴിയണമെന്ന് ഉത്തരവിടാൻ നിയമത്തിലെ 14-ാം വകുപ്പു പ്രകാരം ലോകായുക്തയ്ക്കു മുൻപു സാധ്യമായിരുന്നു. എന്നാൽ മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിക്കെതിരായ വിധി നിയമസഭയ്ക്കും പുനഃപരിശോധിക്കാൻ കഴിയുമെന്ന തരത്തിലാണു പുതിയ ഭേദഗതി. ഇതാണ് ഇപ്പോൾ ഹൈക്കോടതി അംഗീകരിച്ചിരിക്കുന്നത്.
