
വിമാനങ്ങളിലെ സീറ്റ് ബുക്കിംഗിലും ബാഗേജിലും പുതിയ നിർദ്ദേശങ്ങളുമായി ഡിജിസിഎ
- സീറ്റ് തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് വിമാനയാത്രയ്ക്ക് ചെലവ് കൂടുന്നത് തടയാൻ ലക്ഷ്യമിട്ട് ഡിജിസിഎ പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
മുംബൈ : വിമാനങ്ങളിലെ സീറ്റ് ബുക്കിംഗിലും ബാഗേജിലും പുതിയ നിർദ്ദേശങ്ങളുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). വിമാനത്തിൽ ഇഷ്ടപ്പെട്ട സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഒപ്പമിരുന്ന് യാത്ര ചെയ്യുന്നതിനും ഇനി തടസ്സങ്ങൾ കുറയും. സീറ്റ് തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് വിമാനയാത്രയ്ക്ക് ചെലവ് കൂടുന്നത് തടയാൻ ലക്ഷ്യമിട്ട് ഡിജിസിഎ പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
അധിക തുക ഈടാക്കുന്നതിനായി സേവനങ്ങളെ തരംതിരിക്കുന്ന രീതിയെ ഡിജിസിഎ ലക്ഷ്യം വെച്ചിട്ടുണ്ട്. ഇത് ഭൂരിഭാഗം യാത്രക്കാർക്കും അധിക ചിലവില്ലാതെ സീറ്റുകൾ ഉറപ്പാക്കാൻ സഹായിക്കും. യാത്രക്കാരുടെ താത്പര്യം സംരക്ഷിക്കുന്നതിനുള്ള സുപ്രധാന നീക്കത്തിന്റെ ഭാഗമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. വിമാനത്തിലെ കുറഞ്ഞത് 60% സീറ്റുകളെങ്കിലും സൗജന്യമായി അനുവദിക്കാൻ വിമാനക്കമ്പനികൾ ബാധ്യസ്ഥരാണെന്നാണ് പുതിയ നിർദ്ദേശങ്ങൾ വ്യക്തമാക്കുന്നത്. ഇതോടെ യാത്രക്കാർക്ക് ഇഷ്ടമുള്ള സീറ്റ് ബുക്ക് ചെയ്യുന്നതിന് അധിക പണം നൽകേണ്ടി വരില്ല. ഇത് യാത്രക്കാർക്ക് വലിയ ആശ്വാസമാകും.
