
വിവാദ ലേബർ കോഡ് കരട് വിജ്ഞാപനം കേരളത്തിലും; പരിശോധിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി
- ലേബർ കോഡിൽ കേരളത്തിന് ഉറച്ച നിലപാടാണ് ഉള്ളതെന്നും, ഏകപക്ഷീയമായാണ് കേന്ദ്രം കോഡ് നടപ്പാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം:കേന്ദ്രസർക്കാർ പാസാക്കിയ ലേബർ കോഡ് തൊഴിലാളി വിരുദ്ധമെന്ന് രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെ വേതന-സാമൂഹിക സുരക്ഷ സംബന്ധിച്ച കോഡിൻ് കരട് വിജ്‌ഞാപനം 2021 ൽ കേരളത്തിൽ ഇറങ്ങിയെന്ന് രേഖകൾ. ‘കേരള കോഡ് ഓൺ വേജസ് റൂൾസ് 2021’ എന്ന പേരിൽ ഡിസംബർ 14ന് വിജ്‌ഞാപനം ചെയ്ത കരടുചട്ടം ട്രേഡ് യൂണിയനുകൾ തുടരുന്ന പ്രതിഷേധം കണക്കിലെടുത്ത് അന്തിമ വിജ്‌ഞാപനത്തിലേക്ക് കടന്നില്ലെന്നാണ് റിപ്പോർട്ട്.വിഷയം ശ്രദ്ധയിൽപ്പെട്ടില്ലെന്നും പരിശോധിക്കുമെന്നും തൊഴിൽ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ലേബർ കോഡിൽ കേരളത്തിന് ഉറച്ച നിലപാടാണ് ഉള്ളതെന്നും, ഏകപക്ഷീയമായാണ് കേന്ദ്രം കോഡ് നടപ്പാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

തൊഴിൽ മന്ത്രിമാരുടെ യോഗത്തിൽ താൻ എതിർപ്പ് അറിയിച്ചിരുന്നുവെന്നും ഉദ്യോഗസ്ഥ തലത്തിലുണ്ടായ നടപടിക്രമം മാത്രമാണിതെന്നും നടപടിക്രമങ്ങളുമായി മുന്നോട്ടുപോകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. തൊഴിലാളികളുടെ അവകാശങ്ങൾ തകർത്തു കൊണ്ട് ജംഗിൾ രാജ് നടപ്പിലാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നായിരുന്നു സിപിഎം പൊളിറ്റ്ബ്യൂറോ കഴിഞ്ഞ ദിവസം പ്രസ്താവന പുറപ്പെടുവിച്ചത്. വിഷയം തൊഴിൽ മന്ത്രിയുമായി ചർച്ച ചെയ്യുമെന്ന് എഐടിയുസി അറിയിച്ചു.
