
വോയിസ് ഓൺലി പ്ലാൻ അവതരിപ്പിച്ച് എയർടെലും ജിയോയും വിഐയും
- ഉപയോഗിക്കാത്ത സേവനത്തിന് ഇനി പണം നൽകേണ്ട
ന്യൂ ഡൽഹി :വോയ്‌സ് കോളുകൾക്കും എസ്എംഎസുകൾക്കും മാത്രമായി റീചാർജ് പ്ലാനുകൾ ആരംഭിച്ച് ടെലികോം കമ്പനികൾ. ടെലികോം കൺസ്യൂമർ പ്രൊട്ടക്ഷൻ (12-ാം ഭേദഗതി) റെഗുലേഷൻ ആക്ടിൽ ട്രായ് മാറ്റങ്ങൾ വരുത്തിയതതോടെയാണ് പ്രീപെയ്‌ഡ് ഉപഭോക്താക്കൾക്കായി പുതിയ പ്ലാൻ അവതരിപ്പിക്കാൻ കമ്പനികൾ നിർബന്ധിതരായിരിയ്ക്കുന്നത്. രാജ്യത്തെ പ്രാധാന കമ്പനികളായ എയർടെലും ജിയോയും വിഐയും പ്ലാൻ അവതരിപ്പിച്ചിട്ടുണ്ട്.
എയർടെൽ 499 രൂപയുടെയും 1959 രൂപയുടെയും രണ്ട് പ്ലാനുകളാണ് അവതരിപ്പിച്ചത്. 499 രൂപയുടെ പ്ലാനിൽ 84 ദിവസത്തേക്ക് 900 എസ്എംഎസും അൺലിമിറ്റഡ് വോയിസ് കോളുമാണ് എയർടെൽ നൽകുന്നത്. 1,959 രൂപയുടെ പാക്കിൽ അൺലിമിറ്റഡ് കോളും 3600 എസ്എംഎസും 365 ദിവസത്തേക്ക് ലഭിക്കും.ജിയോയും രണ്ട് പ്ലാൻ അവതരിപ്പിച്ചിട്ടുണ്ട്. 458 രൂപയുടെ വോയിഎസ് എസ്എംഎസ് പാക്കിൽ 84 ദിവസത്തേക്ക് 1000 എസ്എംഎസും അൺലിമിറ്റഡ് വോയിസ് കോളും ലഭിക്കും. 1958 രൂപയുടെ പ്ലാനിൽ 365 ദിവസത്തേക്ക് അൺലിമിറ്റഡ് വോയിസ് കോളിനൊപ്പം 3600 എസ്എംഎസും ജിയോ നൽകുന്നു. വിഐയുടെ 1460 രൂപയുടെ പ്ലാനിൽ 270 ദിവസത്തേക്ക് അൺലിമിറ്റഡ് കോളും 100 എസ്എംസും ലഭിക്കും.

ഡാറ്റ ഉപയോഗിക്കാത്ത ഉപഭോക്താക്കൾക്ക് അനുയോജ്യമായ റീചാർജ് ഓപ്ഷൻ എന്ന രീതിക്കാണ് ട്രായ് മാറ്റങ്ങൾ കൊണ്ടുവന്നത് . നേരത്തെ വോയിസ് കോൾ മാത്രം ആവശ്യമുള്ള ഉപഭോക്‌താക്കളും വോയ്സ് കോൾ, എസ്എംഎസ്, ഇൻ്റർനെറ്റ്, ഒടിടി സബ്സ്ക്രിപ്ഷൻ എന്നിവ ഉൾകൊള്ളുന്ന ബണ്ടിൽഡ് പ്ലാനുകൾ ഉപയോഗിക്കേണ്ടി വന്നിരുന്നു. ഇത് ഒഴിവാക്കാനാണ് ടെലികോം കൺസ്യൂമർ പ്രൊട്ടക്ഷൻ (12-ാം ഭേദഗതി) റെഗുലേഷൻ ആക്ടിൽ ട്രായ് ഭേദഗതി കൊണ്ടുവന്നത്.