
വർഗ്ഗീയ ശക്തികളുടെ വോട്ടുകളാണ് യുഡിഎഫിന് ലഭിച്ചത്:എം വി ഗോവിന്ദൻ
- തോൽവി പാർട്ടി വിലയിരുത്തുമെന്നും പഠിക്കുമെന്നും തുടർഭരണ പ്രതീക്ഷകളെ നിലമ്പൂർ ഫലം ധീനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
നിലമ്പൂർ :ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ജനപിന്തുണ വർധിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. വർഗീയ ശക്തികളുടെ വോട്ടുകളാണ് യുഡിഎഫിന് ലഭിച്ചത്. നിലമ്പൂരിലെ ജയം ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. തീവ്രവാദ ശക്തതികളുമായി ചേർന്ന് യുഡിഎഫ് നടത്തിയ പ്രചാരണം ഫലിച്ചുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. മതനിരപേക്ഷതയ്ക്ക് യുഡിഎഫ് ഉണ്ടാക്കുന്ന ഭീഷണി പ്രതിരോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനക്ഷേമകരമായ നടപടികളുമായി എൽഡിഎഫ് മുന്നോട്ട് പോകും. അൻവറിന്റെ വ്യക്തിപരമായ വോട്ടുകൾ കൂടി നേടിയാണ് മുൻപ് രണ്ടുതവണ എൽഡിഎഫ് മണ്ഡലത്തിൽ ജയിച്ചതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. അതേസമയം, എം.വി.ഗോവിന്ദൻ്റെ പരാമർശം നിലമ്പൂരിൽ ബാധിച്ചില്ലെന്നും ചരിത്രപരമായി നിലമ്പൂർ ഇടത് മണ്ഡലമല്ലെന്നുമായിരുന്നു സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബിയുടെ പ്രതികരണം. തോൽവി പാർട്ടി വിലയിരുത്തുമെന്നും പഠിക്കുമെന്നും തുടർഭരണ പ്രതീക്ഷകളെ നിലമ്പൂർ ഫലം ധീനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.