
ശവസംസ്കാര ചടങ്ങ് പഠിക്കാനും കോഴ്സ്
- കെമിസ്ട്രി, ബയോളജി, എംബാമിങ്, അക്കൗണ്ടിങ്, ശവ സംസ്ക്കാരത്തിന്റെ അടിസ്ഥാനകാര്യങ്ങൾ, കൗൺസലിങ്, ശവസംസ്കാര സേവനനിയമങ്ങൾ എന്നിവയൊക്കെയാണ് വിഷയം.
മലപ്പുറം : ശവസംസ്കാര ചടങ്ങുകൾ എത്തരത്തിലാണ് നടത്തേണ്ടതെന്ന് പഠിക്കാനായി ഒരു കോഴ്സ് ഉണ്ട്. ആ കോഴ്സിൽ ബിരുദവും നേടാം. കൂടാതെ ഈ കോഴ്സിന് ജോലി സാധ്യതയും കൂടുതലാണ്. കേൾക്കുമ്പോൾ കൗതുകമായി തോന്നുമെങ്കിലും അങ്ങനെ ഒരു കോഴ്സ് ഉണ്ട്. എന്നാൽ ഇത് കേരളത്തിലല്ല എന്നുമാത്രം. അമേരിക്കയിലെ ‘ഫ്യൂണറൽ സർവീസ് ഡിഗ്രി പ്രോഗ്രാം’. കാലിഫോർണിയയിലെ പ്രസിദ്ധമായ അമേരിക്കൻ റിവർ കോളേജ് (എ.ആർ.സി.), കോമൺവെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫ്യൂണറൽ സയൻസ്, ഡള്ളാസ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങി പല കോളേജുകളിലും ഒന്നും രണ്ടും വർഷത്തെ കോഴ്സ് നടക്കുന്നുണ്ട്.
കെമിസ്ട്രി, ബയോളജി, എംബാമിങ്, അക്കൗണ്ടിങ്, ശവ സംസ്ക്കാരത്തിന്റെ അടിസ്ഥാനകാര്യങ്ങൾ, കൗൺസലിങ്, ശവസംസ്കാര സേവനനിയമങ്ങൾ എന്നിവയൊക്കെയാണ് വിഷയം. ഇത് കഴിഞ്ഞാൽ ഫ്യൂണറൽ ഡയറക്ടർ, എംബാമർ, സെമിത്തേരി കെയർടേക്കർ, ഫ്യൂണറൽ അറേഞ്ചർ തുടങ്ങിയ തസ്തികകളിൽ നല്ല ശമ്പളമുള്ള ജോലിയാണ് കാത്തിരിക്കുന്നത്. ഈ കോഴ്സിന് അമേരിക്കൻ ബോർഡ് ഓഫ് ഫ്യൂണറൽ സർവീസ് എജുക്കേഷന്റെ അംഗീകാരവുമുണ്ട്.
എ.ആർ.സി.യിൽ 2020- ൽ 46- പേർക്കും 2021 ൽ 53 -പേർക്കും 2022-ൽ 56- പേർക്കുമായിരുന്നു പ്രവേശനം. ഓരോ വർഷവും കുറച്ചുപേർക്കേ പ്രവേശനം നൽകാറുള്ളൂ. ഫ്യൂണറൽ ഡയറക്ടർക്ക് 52,500-76,000 യു.എസ് ഡോളർ (ഏകദേശം 43 മുതൽ 63 ലക്ഷം രൂപവരെ) ആണ് വാർഷികശമ്പളം. എംബാമർ 40,000 - 58,000 എസ്. ഡോളർ വരെ. സെമിത്തേരി കെയർടേക്കർക്ക് 41,000 മുതൽ 58,000 യു എസ് ഡോളർ വരേയും വരുമാനമുണ്ട്.