
സംഭരണ കേന്ദ്രത്തിന്റെ തരം തിരിക്കൽ; കേരകർഷകർ ആശങ്കയിൽ
- തരംതിരിച്ച വിത്ത് തേങ്ങ സംഭരണകേന്ദ്രത്തിലേക്ക് അയക്കുന്നതിന് മുൻപ് വീണ്ടും തരംതിരിക്കുന്നു.
- ഗുണമേന്മയുള്ള തേങ്ങ പലതും ഉദ്യോഗസ്ഥർ ഒഴിവാക്കുന്നുണ്ടെന്ന് കർഷകർ ആരോപിച്ചു.
കുറ്റ്യാടി: സംഭരണകേന്ദ്രം ഉദ്യോഗസ്ഥരുടെ അശാസ്ത്രീയമായ തേങ്ങ തരംതിരിവ് കാരണം ബുദ്ധിമുട്ടിലായി കർഷകർ. വിത്തുതേങ്ങ സംഭരണവുമായി ബന്ധപ്പെട്ട് കർഷകർ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഒരിക്കൽ തരംതിരിച്ച് സീൽ ചെയ്ത തേങ്ങ സംഭരണകേന്ദ്രത്തിലേക്ക് കയറ്റുന്നതിന് മുൻപ് വീണ്ടും തരംതിരിക്കുന്നതാണ് കർഷകരെ ബുദ്ധിമുട്ടിലാക്കുന്നത്. ഗുണമേന്മയുള്ള തേങ്ങ പലതും ഉദ്യോഗസ്ഥർ ഒഴിവാക്കുന്നുണ്ടെന്ന് കർഷകർ ആരോപിച്ചു.
തോട്ടങ്ങളിൽ സംഭരിച്ച വിത്തുതേങ്ങയുടെ 90 ശതമാനവും ഉദ്യോഗസ്ഥർ ഇത്തരത്തിൽ തരംതിരിച്ച് മാറ്റിയിടുന്നത് വലിയ സാമ്പത്തിക നഷ്ടമാണ് കർഷകർക്ക് വരുത്തുന്നത്. ഉദ്യോഗസ്ഥർ തോന്നുന്നതു പോലെയാണ് തേങ്ങ തരം തിരിക്കുന്നതെന്നും ആക്ഷേപമുണ്ട്. ഒരു തെങ്ങിൽ നിന്ന് പറിച്ചെടുക്കുന്ന തൊണ്ണൂറു ശതമാനവും ഉദ്യോഗസ്ഥർ ഒഴിവാക്കുന്നുണ്ട്. ഗുണമേന്മയുള്ളവയാണ് ഇങ്ങനെ ഒഴിവാക്കുന്നത് എന്ന് കർഷകർ പറയുന്നു.
രണ്ടുമാസംമുമ്പാണ് കാവിലും പാറ, മരുതോങ്കര പഞ്ചായത്തുകളിൽ നിന്ന് വിത്തുതേങ്ങ സംഭരണത്തിന് മുന്നോടിയായി തെങ്ങ് മാർക്ക് ചെയ്തത്. വിത്തുതേങ്ങ കെട്ടിയിറക്കാൻ തെങ്ങ് ഒന്നിന് 70 രൂപയാണ് കയറ്റ് കൂലി. കൂടാതെ, തേങ്ങയിറക്കാൻ സഹായിക്കുന്നതിനും ചുമന്നെത്തിക്കുന്നതിനും വേറെയുമുണ്ട് സാമ്പത്തിക ചെലവ്. ഒരുതവണ മുപ്പതിലേറെ തേങ്ങ ഒരുതെങ്ങിൽനിന്ന് ലഭിക്കും. ഉദ്യോഗസ്ഥരുടെ തരംതിരിവിനെത്തുടർന്ന് ആദ്യ ഘട്ടത്തിൽ ഒരു തെങ്ങിൽ നിന്ന് ശരാശരി മൂന്നു തേങ്ങ പോലും സംഭരിക്കാനാകാത്ത സ്ഥിതിയാണ്. തരം തിരിച്ച് സീൽ ചെയ്ത വിത്ത് തേങ്ങ രണ്ടാഴ്ചയ്ക്കുശേഷം എടുക്കാനെത്തിയപ്പോൾ ഉദ്യോഗസ്ഥർ വീണ്ടും തരംതിരിച്ചതായി കർഷകർ കുറ്റപ്പെടുത്തുന്നു. ഉദ്യോഗസ്ഥരുടെ അനാവശ്യ തരംതിരിവിനെത്തുടർന്ന് പണിക്കൂലി കഴിഞ്ഞ് വലിയ ലാഭമൊന്നും കിട്ടാൻ സാധ്യതയില്ലെന്നാണ് കർഷകർ പറയുന്നത്. ചെലവുകാശുപോലും കിട്ടാത്ത അവസ്ഥയാണെന്ന് കർഷകർ പറയുന്നു.